
അഹമ്മദാബാദ്: 14.2 ഓവര്‍ ആയപ്പോഴാണ് ആര്‍സിബി താരം വില്‍ ജാക്‌സ് ഹാഫ് സെഞ്ച്വറി തികച്ചത്. പിന്നീട് കളി നടന്നത് പത്ത് പന്തുകള്‍ മാത്രം, ഇതില്‍ ഒമ്പത് പന്തുകള്‍ നേരിട്ട 25കാരന്‍ ഇംഗ്ലീഷ് പയ്യന്‍ തിരിച്ച് കയറിയത് സെഞ്ച്വറിയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തന്റെ ടീമിന് നാലോവര്‍ ബാക്കി നില്‍ക്കെ അനായാസ ജയവും സമ്മാനിച്ച ശേഷം.
സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 200-3 (20), റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 206-1 (16)
201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയെ ഒരു ഘട്ടത്തിലും വെല്ലുവിളിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് 24(12) മാത്രമാണ് പുറത്തായത്. തകര്‍പ്പന്‍ ഫോം തുടരുന്ന വിരാട് കോഹ്ലി 70*(44) പുറത്താകാതെ നിന്നപ്പോള്‍ 41 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും പത്ത് സിക്‌സും പറത്തിയായിരുന്നു നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വില്‍ ജാക്‌സ് തന്റെ റേഞ്ച് പ്രകടിപ്പിച്ചത്. മോഹിത് ശര്‍മ്മ, റാഷിദ് ഖാന്‍ തുടങ്ങിയവര്‍ ജാക്‌സിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് സായ് സുദര്‍ശന്‍ 84*(49), ഷാരൂഖ് ഖാന്‍ 58(30) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് 200 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹ 5(4), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 16(19) എന്നിവര്‍ ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ വന്‍ പരാജയമായി മാറി. ഡേവിഡ് മില്ലര്‍ 19 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താകാതെ നിന്നു.