clinical-test

ന്യൂഡല്‍ഹി: 2014 മുതലുള്ള കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് ക്ലിനിക്കല്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇക്കാലയളവില്‍ കണക്കുകള്‍ കൂടാനുള്ള കാരണം ക്ലിനിക്കല്‍ പരിശോധനകള്‍ എളുപ്പത്തില്‍ നടക്കുന്നുവെന്നതും വേഗതയും സ്വീകാര്യതയും വര്‍ദ്ധിച്ചുവെന്നതുമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫെയ്‌സ് ടു, ഫെയ്‌സ് ത്രീ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ 15 ശതമാനത്തില്‍ നിന്ന് 18% വളര്‍ച്ചനേടി എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940ല്‍ വരുത്തിയ 10 ഭേദഗതികളാണ് ഈ മാറ്റത്തിന് പ്രധാന കാരണമായതെന്ന് നോവര്‍ട്ടിസ് ഗ്ലോബല്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് തലവന്‍ ബദ്രി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ആേഗാളതലത്തിലുള്ള മാറ്റങ്ങള്‍ അനുസരിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കൂടുതല്‍ നടത്താനുള്ള നയമാണ് കേന്ദ്ര സര്‍ക്കാരും കൈക്കൊള്ളുന്നതെന്നും ബദ്രി ശ്രീനിവാസന്‍ പറഞ്ഞു. രാജ്യത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ആധുനികവല്‍ക്കരണം നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ കൂടുതല്‍ സുതാര്യവും, നിലവാരവും എളുപ്പത്തിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

എത്തിക്‌സ് കമ്മിറ്റികള്‍ക്ക് എന്ത് ചെയ്യാനാവും, നഷ്ടപരിഹാരം എങ്ങനെയാവണം തുടങ്ങിയ കാര്യങ്ങളിലും ആധുനികവല്‍ക്കരണം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വലിയ മരുന്ന് കമ്പനികളില്‍ ഒന്നാണ് നോവര്‍ട്ടിസ്. 2022ലെ വരുമാന കണക്കുകള്‍ പ്രകാരം ലോകത്ത് നാലാം സ്ഥാനത്തുള്ള മരുന്ന് കമ്പനിയാണ് നോര്‍വര്‍ട്ടിസ്.

രാജ്യത്ത് ആശുപത്രി ശൃംഖലകളും, ആശുപത്രി നെറ്റ്‌വര്‍ക്കുകളും ആരോഗ്യമേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യയിലെ 70% രോഗികളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. പ്രധാന നഗരങ്ങള്‍ക്ക് പുറമേ, രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിലുള്ള നഗരങ്ങളിലേക്ക് കൂടി ആശുപത്രി നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

ഇതിലൂടെ കൂടുതല്‍ രോഗികളുടെ വിവരങ്ങള്‍ ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും. ഇതെല്ലാം ഇന്ത്യയെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നും ബദ്രി ശ്രീനിവാസന്‍ പറയുന്നു.