
ന്യൂഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേന്ദ്രവുമായുള്ള പോര് സുപ്രീം കോടതി കയറിയതാണ്. കടപ്പത്രം ഇറക്കി പണം കടമായി എടുത്ത് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ കടപ്പത്രം ഇറക്കി പണം കടമായി എടുക്കാന്‍ ഒരുങ്ങുകയാണ് കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍. 14,700 കോടി രൂപയാണ് ഏഴ് സംസ്ഥാനങ്ങളും ചേര്‍ന്ന് കടം എടുക്കുന്നത്.
ഏപ്രില്‍ 23ന് ആദ്യഘട്ടമായി ആയിരം കോടി രൂപ കടമെടുത്ത കേരളം ചൊവ്വാഴ്ച 2000 കോടി രൂപ കൂടി കടമെടുക്കും. കേരളത്തിന് കേന്ദ്രം താത്കാലികമായി 3000 കോടിയാണ് കടമെടുക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 2000 കോടി കൂടി ആകുമ്പോള്‍ മൊത്തം പരിധി അവസാനിക്കും. എന്നാല്‍ കടപ്പത്രം ഇറക്കി ഏറ്റവും കൂടുതല്‍ തുക കടമായി എടുക്കുന്നത് കേരളം അല്ല എന്നതാണ് സത്യാവസ്ഥ. 26 വര്‍ഷത്തെ കാലാവധിയിലാണ് കേരളം കടപ്പത്രം ഇറക്കി പണം വായ്പ എടുക്കുന്നത്.
റിസര്‍വ് ബാങ്ക് ഇക്കൊല്ലം മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുകള്‍ അവനുസരിച്ച് കേരളത്തിന്റെ കടമെടുപ്പ് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, പഞ്ചാബ്, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കടമെടുപ്പില്‍ കേരളത്തിനെക്കാള്‍ മുന്നിലാണെന്നും ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ആന്ധ്ര പ്രദേശ് വിവിധ കാലാവധികളുള്ള കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപ കടമെടുക്കും. പത്ത് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെ ആയിരം കോടി വീതമാണ് അസം, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. 10 മുതല്‍ 20 വര്‍ഷ കാലാവധിയില്‍ കടപ്പത്രമിറക്കി രാജസ്ഥാന്‍ 4,000 കോടിയും 20 വര്‍ഷ കാലാവധിയില്‍ തമിഴ്നാട് 1,000 കോടിയും പഞ്ചാബ് 2,700 കോടി രൂപയും കടമെടുക്കും.