
കണ്ണിന് കൗതുകവും അത്ഭുതവും തോന്നിക്കുന്ന നൂറുകണക്കിന് നിർമ്മിതികളുള്ള നാടാണ് നമ്മുടെ കൊച്ചുകേരളം.ഈ രൂപങ്ങളോരോന്നും നമ്മിൽ പലർക്കും ഓരോ തരത്തിൽ അനുഭൂതിയാണ് ഉണ്ടാക്കുക. താൻ കണ്ട രൂപങ്ങളുടെയെല്ലാം ചെറുമാതൃകകൾ അവയുടെ ഭംഗിയിലോ ഗാംഭീര്യത്തിലോ തെല്ലും കുറവ് വരാതെ സൃഷ്‌ടിച്ചെടുക്കുന്ന ഒരു യുവകലാകാരനെ പരിചയപ്പെടാം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തവനൂരിൽ നിന്നുള്ള റിജേഷിന്റെ മിനിയേച്ചർ ക്രാഫ്‌റ്റുകൾ കൗതുകം മാത്രമല്ല ആർക്കും ഒരാകർഷകത്വം ഉണ്ടാക്കുന്നതാണ്.
കൊവിഡ് ലോക്‌ഡൗൺകാലം
കൊവിഡ് ലോക്‌ഡൗൺകാലം പൊതുവിൽ മലയാളികൾക്ക് പുതിയ പല പതിവുകളും സമ്മാനിച്ച കാലമാണ്. ഈ സമയം സമൂഹമാദ്ധ്യമങ്ങളിൽ സമയം കളയുന്നതിനിടെയാണ് റിജേഷിന് ചെറുപ്പത്തിലേ തന്റെ ഇഷ്‌ടമേഖലയായ മിനിയേച്ചർ ക്രാഫ്‌റ്റ് നിർമ്മാണം ശക്തമായി തുടരാൻ ഇടയാക്കിയത്. വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രശസ്‌തമായ തെക്കേ ഗോപുര നടയാണ് ആദ്യമായി ലോക്‌ഡൗൺ കാലത്ത് റിജേഷ് നിർമ്മിച്ചത്.
ശബരിമല മണിമണ്ഡപം

സമൂഹമാദ്ധ്യമങ്ങളിലൂടെ അയ്യപ്പന്റെ ജീവസമാധി മണ്ഡപമാണ് ശബരിമലയിലെ മാളികപ്പുറത്തിന് സമീപമുള്ള മണിമണ്ഡപം എന്ന് റിജേഷ് മനസ്സിലാക്കി. പണ്ടുമുതലേ അയ്യപ്പഭക്തനാണ്. അപ്പോൾ എന്തുകൊണ്ട് ഇത് ചെയ്‌തുകൂടാ എന്ന് കരുതി. അങ്ങനെയാണ് മണിമണ്ഡപത്തിന്റെ മിനിയേച്ചർ രൂപം ഉണ്ടാക്കിയത്.
ഒരാഴ്‌ചയോളം സമയമെടുത്ത് ഫോറെക്‌സ് ഷീറ്റ്, പേപ്പർ, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് മണിമണ്ഡപം ഉണ്ടാക്കിയെടുത്തത്. പിന്നീട് ഈ മിനിയേച്ചർ മോഡൽ 'ശബരിമല ന്യൂസ് അപ്‌ഡേറ്റ്‌സ്' എന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ പങ്കുവച്ചു. നിരവധി പേർ ഇതുകണ്ട് ഫോൺവിളിച്ച് അഭിനന്ദിച്ചു. ഒപ്പം മണിമണ്ഡപത്തിൽ പൂജകൾ ചെയ്യുന്ന കുന്നക്കാട് കുടുംബാംഗം രതീഷ് അയ്യപ്പകുറുപ്പും അഭിനന്ദിച്ചു. പിന്നീട് മണിമണ്ഡപത്തിന്റെ മാതൃക പന്തളം കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾക്ക് നൽകി. ആ മണിമണ്ഡപം മോഡൽ അയ്യപ്പന്റെ തിരുവാഭരണങ്ങൾ സൂക്ഷിക്കുന്ന പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
മണിമണ്ഡപം മോഡൽ റിജേഷിന് വളരെയധികം പ്രശസ്‌തി നൽകി. ഇതോടെ സന്നിധാനത്ത് മണിമണ്ഡപത്തിൽ അഞ്ച് നാൾ നടക്കുന്ന പൂജ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരം ലഭിച്ചു. തനിക്ക് ലഭിച്ച വലിയ ഭാഗ്യം അതാണെന്ന് റിജേഷ് പറയുന്നു.
ഇഷ്‌ടം പരമ്പരാഗത രൂപങ്ങളോട്
വാഹനങ്ങളും രൂപങ്ങളുമുണ്ടാക്കുന്ന നിരവധി മിനിയേച്ചർ ആർട്ടിസ്‌റ്റുമാർ കേരളത്തിലുണ്ട്. ഇവരിൽ നിന്നും വേറിട്ട് എന്തെങ്കിലും വ്യത്യസ്‌തമായി ചെയ്യണം എന്ന ആഗ്രഹമാണ് കേരളത്തനിമയുള്ള രൂപങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്. ക്ഷേത്രങ്ങൾ, തറവാടുകൾ, പടിപ്പുരകൾ എന്നിവയ്‌ക്ക് തന്റെതായ ആശയങ്ങൾ ചേർത്ത് രൂപം നൽകി റിജേഷ്. ഒപ്പം പുതിയ വീടുകളുടെ മാതൃകയും സൃഷ്‌ടിച്ചു.
പടയണിയും പള്ളിയോടവും

കളിമണ്ണിൽ പ്രത്യേകം രൂപം തയ്യാറാക്കി അവയിലാണ് പടയണി രൂപങ്ങൾ ഉണ്ടാക്കിയത്. അതേസമയം ആറന്മുള പള്ളിയോടം നിർമ്മിക്കാൻ പേപ്പറാണ് ഉപയോഗിച്ചത്. ഒരടി നീളമുള്ള പേപ്പറിൽ നിർമ്മിച്ച കുഞ്ഞുപള്ളിയോടം സമൂഹമാദ്ധ്യമങ്ങളിൽ നിരവധിപേരുടെ ശ്രദ്ധയാകർഷിച്ചു. മുത്തപ്പനും തിരുവപ്പനും നിർമ്മിച്ചിരുന്നു. പ്ളാസ്‌റ്റിക് ഡോളിന് മുകളിലാണിത്.

തന്റെ പ്ളൈവുഡ്, ഇന്റീരിയൽ ഡെക്കറേഷൻ ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലാണ് മിനിയേച്ചർ ക്രാഫ്‌റ്റ് ജോലി റിജേഷ് ചെയ്യാറ്. ദീർഘനേരം ചെയ്യുന്ന പതിവില്ല. തൃപ്പൂണിത്തുറയിലെ ഒരു കൊട്ടാരത്തിന്റെ മോഡൽ ഈയിടെ ചെയ്‌തു. ഇതിനുപുറമേ കെട്ടിടങ്ങളുടെ പ്ളാനും എലിവേഷനും നൽകിയാൽ അതിനനുസരിച്ച് മോഡലും ചെയ്‌ത് കൊടുക്കാറുണ്ട്.
വീട്ടിലുള്ളവരും റിജേഷിന്റെ ഈ ഇഷ്‌ടത്തിന് വലിയ പിന്തുണയേകാറുണ്ട്. അച്ഛൻ ഗോപിനാഥനും, അമ്മ റീനയും സഹോദരനായ റിജിനും നന്നായി സഹായിക്കുന്നുമുണ്ട്. കേരളത്തിലാകമാനമുള്ള ഇത്തരം കലാകാരന്മാരുടെ കൂട്ടായ്‌മ 'മിനിയേച്ചർ ക്രാഫ്‌റ്റേഴ്‌സ്' ഗ്രൂപ്പിലെ സജീവ അംഗമാണ് റിജേഷ്.