
കൊച്ചി: പരമ്പരാഗത ഇന്ധനത്തിനൊപ്പം വൈദ്യുതി സാദ്ധ്യതകളും ഉപയോഗപ്പെടുത്തുന്ന ഹൈബ്രിഡ് കാറുകൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു. ഇന്ധന ക്ഷമതയും പെട്രോൾ, ഡീസൽ എന്നിവയുടെ ഉയർന്ന വിലയും കണക്കിലെടുത്താണ് ഉപഭോക്താക്കൾ ഹൈബ്രിഡ് കാറുകൾ വാങ്ങാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നത്.
രാജ്യത്തെ മുൻനിര ബ്രാൻഡായ മാരുതി സുസുക്കി രണ്ട് ഹൈബ്രിഡ് വാഹനങ്ങളാണ് വിപണിയിൽ അവതരിപ്പിച്ത്. ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ എന്നീ രണ്ട് മോഡലുകളിലും ടൊയോട്ടയുടെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ വിപണി വികസിപ്പിക്കുന്നതിനായി മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ താങ്ങാനാവുന്ന വിലയിൽ പുതിയ ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
ഫ്രോങ്ക്സ് കോംപാക്ട് ക്രോസ് ഓവർ, ബെലേനോ ഹാച്ച്ബാക്ക്, പുതിയ മിനി എം. പി. വി, സ്വിഫ്റ്റ് ഹാച്ച്ബാക്ക് എന്നിവയിലും ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കാനാണ് പദ്ധതി. .
അടുത്ത വർഷം മാരുതിയുടെ പുതിയ ഹൈബ്രിഡ് സിസ്റ്റത്തിലുള്ള ഫ്രോങ്ക്സിന്റെ നവീകരിച്ച മോഡൽ വിപണിയിലെത്തും. സ്വിഫ്റ്റ്, ബ്രെസ എന്നീ മോഡലുകളും ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിപണിയിൽ അവതരിപ്പിക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്.
ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുമായി 25 ശതമാനവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബിഇവി) ഉപയോഗിച്ച് 15 ശതമാനവും വിൽപ്പന വിഹിതം കൈവരിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. .മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ ഉത്പാദനം ഈ വർഷം ആരംഭിക്കും.