
ചെന്നൈ: ഐപിഎല്‍ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ പരാജയപ്പെട്ടതിന്റെ കലിപ്പ് തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഹൈദരാബാദിനെ 134 റണ്‍സിന് ഓള്‍ ഔട്ടാക്കിയ സിഎസ്‌കെ 78 റണ്‍സിന്റെ കൂറ്റന്‍ ജയം ആഘോഷിച്ചു. മഞ്ഞ് വീഴ്ചയുടെ ആനുകൂല്യമുണ്ടായിട്ട് പോലും കൃത്യതയാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുത്ത ചെന്നൈ ബൗളര്‍മാര്‍ ഹൈദരാബാദിനെ തളയ്ക്കുകയായിരുന്നു.
സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 212-3 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 134-10 (18.5)
വിജയലക്ഷ്യമായ 213 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തിയെങ്കിലും ട്രാവിസ് ഹെഡ് 13(7), അഭിഷേക് ശര്‍മ്മ 15(9) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടതോടെ പരുങ്ങലിലായി. ഇംപാക്ട് സബ് ആയി എത്തിയ അന്‍മോല്‍പ്രീത് സിംഗ് 0(1) ആദ്യ പന്തില്‍ പുറത്തായതും അവര്‍ക്ക് വിനയായി.
എയ്ഡന്‍ മാര്‍ക്രം 32(26) ആണ് ടോപ്‌സ്‌കോറര്‍. നിതീഷ് റെഡ്ഡി 15(15) ക്ലാസന്‍ 20(21) അബ്ദുള്‍ സമദ് 19(18) എന്നിവര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെ ചെന്നൈക്കായി തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ റുതുരാജ് ഗെയ്കവാദ് 98(54), ഡാരില്‍ മിച്ചല്‍ 52(32), ശിവം ദൂബെ 39(20) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ജയത്തോടെ 10 പോയിന്റുമായി ചെന്നൈ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.