jayarajan

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്ന മുൻനിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ആരംഭിക്കാനിരിക്കെ തലസ്ഥാനത്തെത്തിയപ്പോഴാണ് എൽ‌ഡിഎഫ് കൺവീനർ നിലപാട് വ്യക്തമാക്കിയത്.

'ആരെങ്കിലും ബിജെപിയിൽ പോയി ചേരുമോ? ശോഭ പറയുന്ന ഹോട്ടലിൽ ഇതുവരെ പോയിട്ടില്ല. അവർ പറയുന്നത് മാദ്ധ്യമപ്രവർത്തക‌ർ അന്വേഷിക്കണം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്‌ട്രീയ ച‌‌‌‌ർച്ചയല്ല. അത് പാർട്ടിയെ അറിയിക്കേണ്ടതില്ല.' ജയരാജൻ പറഞ്ഞു.

എന്നാൽ ബിജെപിയിൽ ചേരാനുറച്ചാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് വന്നതെന്നും ചേരുന്നതിന് തലേദിവസം ഒരു ഫോൺകോൾ വന്നതോടെ അദ്ദേഹം ടെൻഷനിലായെന്നും നേരത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഫോൺ കോൾ വന്നതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറിയതെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെക്കാൾ പാർട്ടിയിൽ ജൂനിയറായ എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിലെ വേദന അദ്ദേഹം പങ്കുവച്ചതായും വിവാദ ഇടനിലക്കാരൻ നന്ദകുമാർ സംഭാഷണം റെക്കോഡ് ചെയ്‌തെന്നും ശോഭ ആരോപിച്ചിരുന്നു.

എന്നാൽ ഇത്തരത്തിൽ ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും തമ്മിൽ കണ്ടിട്ടില്ലെന്നാണ് നന്ദകുമാറിന്റെ പ്രതികരണം. ഇ.പിയുടെ മകന്റെ ഫ്ളാറ്റിൽ ജാവദേക്കറുമായി കൂടിക്കാഴ്‌ച നടന്നത് സത്യമാണെന്നും എന്നാൽ അതിൽ ശോഭ സുരേന്ദ്രന് ഒരുപങ്കും ഇല്ലെന്ന് നന്ദകുമാർ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.