vishnu

ചെറുതോണി: ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിൻചുവട് സ്വദേശി പുത്തൻപുരയിൽ രാജന്റെ മകൻ വിഷ്ണുവാണ് (35) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.

കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കുറച്ച് കാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഫാനിൽ കൈലിമുണ്ട് കൊണ്ട് കുരുക്കിട്ടശേഷമാണ് ഇയാൾ ഫേസ്ബുക്ക് ലൈവിലെത്തിയത്. ഭാര്യ പറഞ്ഞതാണ് ശരി തെറ്റ് തന്റെ ഭാഗത്താണെന്ന് കുറ്റസമ്മതം നടത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു.

വിഷ്ണു പല തവണ ഇത്തരത്തിൽ ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാൽ ആദ്യം ആരും ഗൗരവമായെടുത്തിരുന്നില്ല. ഒടുവിൽ കഴുത്തിൽ കുരുക്കിടുന്നത് ലൈവായി കണ്ടതോടെ, സുഹൃത്തുക്കൾ എത്തി കതക് തകർത്ത് വീടിനുള്ളിൽ കയറുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വിഷ്ണു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

ഹെൽമറ്റില്ലാതെ ബൈക്കോടിച്ചത് ഫേസ്ബുക്ക് ലൈവിൽ കാണിച്ചതിന് മുമ്പ് ആർ.ടി.ഒ ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇടുക്കി ഹിൽവ്യൂ പാർക്കിൽ താത്കാലിക സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്.

ഇടുക്കി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.