
തിരുവനന്തപുരം: ആലപ്പുഴ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രനെതിരെ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയെന്നും നന്ദകുമാർ ആരോപിച്ചു. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനെ തുടർന്നാണ് ഇത് നടക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മിൽ കണ്ടിട്ടില്ലെന്നും നന്ദകുമാർ തുറന്നുപറഞ്ഞു. ശോഭ ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കൂടിക്കാഴ്ചയിൽ ഇ.പിക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജന്റെ മകന്റെ ഫ്ളാറ്റിൽ കൂടിക്കാഴ്ച നടത്തി എന്ന കാര്യം സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലെന്നും അവർക്ക് ഒരു പങ്കുമില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.
അതേസമയം, ഇപ്പോൾ ഉടലെടുത്ത വിവാദങ്ങളിൽ മാദ്ധ്യമങ്ങളെ പഴിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപി ജയരാജൻ. ഇടതുപക്ഷ വിരുദ്ധ മാദ്ധ്യമങ്ങളും കെ. സുധാകരനും ശോഭ സരേന്ദ്രനും അറിഞ്ഞുകൊണ്ടാണ് ഗൂഢാലോചന നടപ്പാക്കിയതെന്ന് ഇപി പറഞ്ഞു. 'തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്‌ദേക്കറുമായി . ആകെ മൂന്ന് മിനിറ്റ് സംസാരിച്ചു, നന്ദകുമാറിന്റെ പറ്റിപ്പിൽ പെടാതിരിക്കാനുള്ള ബുദ്ധിയും ജാഗ്രതയും തനിക്കുണ്ട്. . അപ്രതീക്ഷിതമായിട്ടാണ് ദല്ലാൾ നന്ദകുമാറും ജാവദേക്കറും വീട്ടിൽ കയറിവന്നത്. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് വാർത്ത കൊടുക്കാൻ മാദ്ധ്യമങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു. മാദ്ധ്യമ ധർമ്മമാണോ ഇത്? എന്തു തെളിവുണ്ടായിട്ടാണ് വാർത്ത നൽകിയത്? തിരഞ്ഞെടുപ്പിന്റെ തലേദിവസം വാർത്ത വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്'- ഇപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനാലാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ തിരഞ്ഞെടുപ്പ് ദിവസം വിശദീകരണം നൽകിയതെന്നും ഇ.പി വ്യക്തമാക്കി. അല്ലെങ്കിൽ ആരോപണം നിഷേധിക്കുന്നില്ലെന്ന് വാർത്ത വരും. ചെന്നൈയിൽ ബിജെപി നേതൃത്വവുമായി നടന്ന കൂടിക്കാഴ്ച കെ സുധാകരൻ സമ്മതിച്ചതാണ്. അതു പറഞ്ഞപ്പോൾ ആരോപണം തനിക്കെതിരെ തിരിച്ചു വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.