മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും വച്ച് സിനിമ ചെയ്തയാളാണ് സംവിധായകൻ കമൽ. ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിനെവച്ച് സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

തന്റെ കരിയറിലെ ഏറ്റവും നിർണായകമായ സിനിമയാണ് സെല്ലുലോയ്‌ഡെന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിനറെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ സിനിമയാണിത്. വളരെ യാദൃശ്ചികമായിട്ടാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ഇന്നുവരെ ഒരു സിനിമയേ നിർമിച്ചിട്ടുള്ളൂ. അതാണ് സെല്ലുലോയ്ഡ്. സംവിധായകൻ മാത്രമല്ല, അതിന്റെ നിർമാതാവും തിരക്കഥാകൃത്തും ഞാൻ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫണ്ട് വലിയൊരു വിഷയമായിരുന്നു. വളരെ അടുത്ത സുഹൃത്തിനോട് സംസാരിച്ചു. തുടർന്ന് ഞങ്ങളുടെ കോമൺഫ്രണ്ടായ മസ്‌കറ്റിലുള്ള ഉബൈദിനോട് സംസാരിച്ചു. ഉബൈദ് ഫണ്ട് ചെയ്യാമെന്ന് പറഞ്ഞു. പിന്നെ ഉബൈദും ഞാനും ചേർന്നാണ് ആ ചിത്രം നിർമിച്ചത്. നല്ല ബഡ്ജറ്റ് വരും. സെറ്റൊക്കെ ഇട്ട് ഷൂട്ട് ചെയ്യണം. ഇന്നത്തെ അത്ര ഗ്രാഫിക്ക് ഒക്കെ ഇട്ട് ചെയ്യാൻ സാങ്കേതിക വിദ്യ വളർന്നിട്ടില്ല. 2012ലായിരുന്നു ചിത്രീകരണം.
ജെ സി ഡാനിയലായി അഭിനയിക്കാൻ ആദ്യമേ എന്റെ മനസിലുണ്ടായിരുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന് എവിടെയൊക്കെയോ ജെ സി ഡാനിയലുമായി സാമ്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസമൊക്കെ കിട്ടിയിട്ടുള്ള ആളാണ് ജെ സി ഡാനിയൽ. പൃഥ്വിരാജിനെ ഞാൻ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങൾ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അയ്യോ ഞാൻ ജെ സി ഡാനിയൽ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഞാൻ രാജുവിനൊപ്പം ഇരുന്ന് സ്‌ക്രിപ്റ്റ് വായിച്ചുകൊടുത്തു.
പൃഥ്വിരാജ് അന്നും നല്ല പൈസ വാങ്ങുന്നയാളാണ്. വലിയ ഹീറോയായിക്കഴിഞ്ഞിരിക്കുന്നു. രാജു ഇപ്പോൾ വാങ്ങിക്കുന്ന പൈസ തരാൻ എന്റെ കൈയിൽ ഇല്ലെന്നും ഞാൻ തരുന്ന പൈസ വാങ്ങിക്കണമെന്നും പറഞ്ഞു. അതിന് തയ്യാറാണോയെന്ന് ചോദിച്ചു. രാജു കുറേനേരം ചിരിച്ചു. എന്നിട്ട് പറഞ്ഞു, സാർ മൊത്തത്തിൽ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന് ചോദിച്ചു. സാർ തീരുമാനിച്ചോളൂ, എനിക്കൊരു പ്രശ്നവുമില്ല, പക്ഷേ സമയം വേണമെന്ന് പറഞ്ഞു'-കമൽ വ്യക്തമാക്കി.