
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ളീം വിരുദ്ധ പരാമർശത്തിന് മറുപടിയുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) മേധാവി അസദുദ്ദീൻ ഒവൈസി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാർക്കും, കൂടുതൽ കുട്ടികളുള്ളവർക്കും രാജ്യത്തിന്റെ വിഭവങ്ങൾ വീതിച്ചു കൊടുക്കുമെന്ന മോദിയുടെ പരാമർശത്തിലാണ് ഒവൈസി പ്രതികരിച്ചത്.
'മുസ്ളീങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നുവെന്ന തരത്തിൽ ഭയം ജനിപ്പിക്കാൻ എന്തിനാണ് നിങ്ങൾ ശ്രമിക്കുന്നത്? മോദി സർക്കാരിന്റെ കണക്കുകൾ പ്രകാരം മുസ്ളീം വിഭാഗത്തിന്റെ ജനസംഖ്യാനിരക്കും ഗർഭധാരണ നിരക്കും കുറയുകയാണുണ്ടായത്. മുസ്ളീങ്ങളാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്. ഇത് തുറന്ന് പറയുന്നതിൽ എനിക്ക് അപമാനമൊന്നുമില്ല.
മുസ്ളീങ്ങൾ ഭൂരിപക്ഷ സമുദായമാകുമെന്ന ഭയം ഹിന്ദുക്കൾക്കിടയിൽ തിരുകികയറ്റാനാണ് മോദി ശ്രമിക്കുന്നത്. എത്രനാൾ നിങ്ങൾ മുസ്ലീങ്ങളെക്കുറിച്ച് ഭയം പരത്തും? ഞങ്ങളുടെ മതം വ്യത്യസ്തമാണെങ്കിലും ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ദളിതരെയും മുസ്ളീങ്ങളെയും വെറുക്കുക എന്ന ഗ്യാരന്റി മാത്രമാണ് മോദിക്കുള്ളത്'- ഒവൈസി വിമർശിച്ചു. ഒവൈസിയുടെ മറുപടിയിൽ ബിജെപിയോ മോദിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‣ @narendramodi की एक ही गारंटी है, दलितों और मुसलमानों से नफ़रत करो।
— Asaduddin Owaisi (@asadowaisi) April 27, 2024
‣ एक मुल्क का वज़ीर-ए-आज़म इस मुल्क की 15 फ़ीसद अवाम को घुसपैठिया कहता है, इससे शर्मनाक बात कुछ और नहीं हो सकती। pic.twitter.com/87mIdAfiAi
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മോദിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. തുടർന്ന് മോദി പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് വിലയിരുത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി ബിജെപിക്ക് നോട്ടീസയച്ചു. ഇന്നുരാവിലെ രേഖാമൂലം മറുപടി നൽകാനാണ് നിർദേശം.