
പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപ്രഖ്യാപിത പവർക്കട്ട് മനഃപ്പൂർവം അല്ല. അമിതമായ ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിദിന ഉപഭോഗം 110.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതൽ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡ്ഡിംഗ് ഒവിവാക്കാനാണ് സർക്കാർ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിനാൽ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നവും വൈദ്യുതിച്ചെലവും കെഎസ്‌ഇബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോക്താക്കളുടെ സഹകരണം തേടുകയാണ് വൈദ്യുതി ബോർഡ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ ഇടയ്‌ക്കിടെ അധികലോഡ് കാരണം ഫീഡറുകളിൽ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളിൽ നിന്നും നേരത്തേ പരാതി ഉയർന്നിരുന്നു. വൈകിട്ട് ആറുമുതൽ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി.
ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടം കൂടും. ജലവൈദ്യുതി ഉത്‌പാദനം കൂട്ടിയാണ് കെഎസ്‌ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്‌പാദനം ദിവസം 13 - 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തിൽ നിന്ന് 43 ശതമാനമായി കുറഞ്ഞു.
ഇത് തുടർന്നാൽ അടുത്ത മൺസൂൺ വരെ ജലവൈദ്യുതി ഉത്‌പാദനം നിലനിറുത്താനാകാതെ വരും. അതിനാൽ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വർഷം കൊണ്ട് 21 സബ്സ്റ്റേഷനുകൾ നിർമ്മിച്ചതിനാൽ വിതരണത്തിന് തടസമില്ലെന്നുമാണ് കെഎസ്ഇബി വ്യക്തമാക്കിയത്.