
വിവാഹം കഴിക്കാൻ ഏറ്റവും യോജിച്ച പ്രായം ഏതാണ്? ഇന്ത്യയിൽ നിലവിലുള്ള ഹിന്ദു വിവാഹ നിയമമനുസരിച്ച് പുരുഷന്മാർക്ക് 21ഉം സ്‌ത്രീകൾക്ക് 18 വയസും തികഞ്ഞിരിക്കണം എന്നതാണ്. വിവാഹ സമ്മതപ്രായം പെൺകുട്ടികൾക്ക് 21 ആക്കുന്ന നിയമഭേദഗതി നമ്മുടെ രാജ്യത്ത് ആലോചനയിലുണ്ട്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തീരെ ചെറുപ്രായത്തിലും ഏറെ മുതിർന്ന ശേഷവും വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടുകൾ ക്ഷണിച്ചുവരുത്തിയേക്കാം എന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തിയ വിദഗ്ദ്ധർ പറയുന്നത്.
ലോകമാകെ വിവിധ സംസ്‌കാരങ്ങളിൽ പലതരം ആചാരങ്ങളും ആഘോഷങ്ങളും ചേർന്ന് വിവാഹം നടക്കുന്നുവെങ്കിലും ശാസ്‌ത്രീയമായി നോക്കിയാൽ പെൺകുട്ടികളിലും ആൺകുട്ടികളിലും വ്യത്യസ്‌ത പ്രായത്തിലാണ് ശാരീരിക വളർച്ച പൂർത്തിയാകുക. 15 വയസിനടുത്താണ് പെൺകുട്ടികളിൽ ശാരീരിക വളർച്ച നേടുന്നത്. ആൺകുട്ടികളിൽ ഇത് 13-16 വയസാണ്. എന്നാൽ ശാരീരിക വളർച്ച പൂർത്തിയായുടൻ വിവാഹിതരാകുന്ന പഴയ ശീലത്തെ തുടർന്ന് മാതൃമരണ നിരക്കും കൂടുതലായി ഉണ്ടായിരുന്നു എന്ന് കാണാം.
ശാരീരിക വളർച്ചയ്‌ക്ക് പുറമേ പക്വതയും ജീവിത അനുഭവപാഠവുമുള്ളവരാണ് വിവാഹിതരാകേണ്ടത് എന്നാണ് മന:ശാസ്ത്രപരമായി പഠനം നടത്തിയ വിദഗ്ദ്ധർ പറയുന്നത്. പ്രായപൂർത്തിയായുടൻ വിവാഹിതരാകുന്നവരിൽ ഇപ്പോൾ ഡിവോഴ്‌സ് നിരക്കും കൂടുതലാണെന്ന് കാണാം. അമേരിക്കയടക്കം വികസിത രാജ്യങ്ങൾ അനുഭവിക്കുന്ന പ്രശ്‌നമാണിത്.
ഗോൾഡിലോക്‌സ് സിദ്ധാന്തം
അമേരിക്കയിലെ മിഷിഗൺ ട്രോയിയിലെ ബർമിംഗ്ഹാം മാപ്പിൾ ക്ളിനിക്കിലെ വിവാഹ, കുടുംബ തെറാപ്പിസ്റ്റ് ആയ കാരി ക്രാവിക് വിവാഹത്തിന് ഗോൾഡിലോക്‌സ് സിദ്ധാന്തം എന്നൊരു മാർഗം മുന്നോട്ടുവയ്‌ക്കുന്നു. ആദ്യ അഞ്ച് വർഷത്തിനിടെ വിവാഹമോചനത്തിന് ഏറ്റവും കുറവ് സാദ്ധ്യതയുള്ള വിവാഹപ്രായം 28നും 32നുമിടയിലാണ് എന്നാണ് കാരി പറയുന്നത്. ഈ പ്രായത്തിൽപ്പെട്ട യുവാക്കൾ തീരെ ചെറിയവരല്ല. എന്നാൽ വളരെ മുതിർന്നവരുമല്ല.
ഇണകൾ തമ്മിലെ പൊരുത്തംകൊണ്ടുള്ള സ്‌നേഹവും സാധാരണ പ്രേമവും കൃത്യമായി മനസിലാക്കാൻ പുരുഷനും പെൺകുട്ടിയ്‌ക്കും ഈ പ്രായമാകണം എന്നാണ് കാരി പറയുന്നത്.
മസ്‌തിഷ്‌കത്തിന്റെ പൂർണവികാസം
മറ്റുചില പഠനങ്ങൾ അനുസരിച്ച് 25നും 30നുമിടയിലാണ് വിവാഹത്തിന് പറ്റിയ പ്രായം. കാരണം മനുഷ്യ മസ്‌തിഷ്‌കത്തിൽ പക്വതയോടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുൻഭാഗത്തിന്റെ പൂർണവികാസം 25 മുതൽ 30 വയസിനിടെ നടക്കാം. വിവാഹ ജീവിതത്തിലെ ധാർമ്മികമായും മറ്റുമുള്ള തീരുമാനങ്ങളെടുക്കാൻ പലർക്കും 25 വയസിന് മുൻപ് കഴിയാറില്ല. 20 വയസിന് മുൻപ് വിവാഹിതരായവരെക്കാൾ 25 വയസിന് ശേഷം വിവാഹം കഴിക്കുന്നവരിൽ വിവാഹമോചന നിരക്ക് 50 ശതമാനം കുറഞ്ഞിരിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.

20കളുടെ അവസാനത്തിലും 30കളുടെ ആരംഭത്തിലും യുവാക്കൾ പ്രണയത്തെക്കുറിച്ച് യുക്തിസഹമായും തങ്ങളുടെ ജീവിത പ്രതീക്ഷകളെക്കുറിച്ച് ബോധത്തോടെയും ചിന്തിക്കുന്നവരാകുമെന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. 30കളിൽ ദമ്പതികൾ കൂടുതൽ വിദ്യാഭ്യാസവും സാമ്പത്തിക അടിത്തറയും ഉള്ളവരാകും. സാമ്പത്തിക പ്രശ്‌നം പല വിവാഹ ബന്ധങ്ങളും തകർക്കുന്ന പ്രധാന വിഷയമാണല്ലോ.
വിവാഹിതരാകാൻ ഏറ്റവും മികച്ച പ്രായം ഉട്ട സർവകലാശാലയിലെ കുടുംബ-കൺസ്യൂമർ സ്റ്റഡീസിലെ പ്രൊഫസറും സോഷ്യോളജി അനുബന്ധ പ്രൊഫസറുമായ നികോളാസ്.എച്ച്. വുൾഫിംഗർ പറയുന്നതനുസരിച്ച് 20കളുടെ അവസാനമാണ്. 30കളിൽ വിവാഹിതരായ ചിലരിൽ വിവാഹമോചന സാദ്ധ്യതയും കൂടുതലായുണ്ടെന്ന് വുൾഫിംഗർ ചൂണ്ടിക്കാട്ടുന്നു. 30കളുടെ അവസാനവും 40കളിലും വിവാഹിതരാകുന്നവർ തങ്ങളുടെ സ്വഭാവത്താൽ ഒരു ബന്ധം നന്നായി വളരാൻ കാരണമായ വിട്ടുവീഴ്‌ചകൾ ചെയ്യാൻ കഴിയാത്തവരാകും എന്നും വിദഗ്ദ്ധർ പറയുന്നു.
എന്നാൽ ഗണിത ശാസ്‌ത്രജ്ഞരായ ടോം ഗ്രിഫിത്ത്, ബ്രയാൻ ക്രിസ്‌റ്റ്യൻ എന്നിവർ 'അൽഗോരിതംസ് ടു ലിവ് ബൈ: കമ്പ്യൂട്ടർ സയൻസ് ഓഫ് ഹ്യൂമൻ ഡിസിഷൻ' എന്ന ബുക്കിൽ 26 വയസാണ് വിവാഹത്തിന് പറ്റിയ പ്രായം എന്ന് തങ്ങളുടെ ഫോർമുലയിലൂടെ സ്ഥാപിക്കുന്നുണ്ട്.