
തിരുവനന്തപുരം: കാറിന് സൈഡ് നൽകാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള പരാതിയിൽ കൂടുതൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് ആര്യ രാജേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അസഭ്യവും ലൈംഗികചുവയോട് കൂടിയുമുള്ള ആംഗ്യം ഞങ്ങളെ കാണിച്ചെന്നും വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവർ ലഹരി ഉപയോഗിച്ചെന്നും ആര്യ കൂട്ടിച്ചേർത്തു.
'സംഭവത്തിന് പിന്നാലെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് ടീം സ്ഥലത്തെത്തി. ഈ ഡ്രൈവർ ഇതിന് മുമ്പും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ട്. ഒരുപാട് കേസുകൾ ഡ്രൈവർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിലൊക്കെ എഫ്‌ഐആറും എടുത്തിട്ടുണ്ട്. വാഹനത്തിന് സൈഡ് തരാത്ത വിഷയവുമായി ബന്ധപ്പെട്ടല്ല തർക്കം. ഞങ്ങളെ സംബന്ധിച്ച് ഒരു സ്ത്രീക്കെതിരെയുണ്ടായ മോശം പെരുമാറ്റത്തിനെതിരെയാണ് പ്രതികരിച്ചത്'- ആര്യ പറഞ്ഞു.
അതേസമയം, മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റിനിർത്തി. ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഡിടിഒയ്ക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ളക്സിനു മുന്നിലെ സിഗ്നലിൽ വേഗതകുറച്ചപ്പോൾ ബസിന് കുറുകെയിട്ട് തടഞ്ഞത്. ശനിയാഴ്ച രാത്രി 10നായിരുന്നു സംഭവം. തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ്രൈവർ യദുവിനെ അവിടെയെത്തിയ കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്ന് ബസ് തമ്പാനൂരിലെത്തിച്ചു.
ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമടക്കമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതൽ കാറിന് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.