cat

വളർത്തുമൃഗങ്ങളെ സ്‌നേഹത്തോടെ പരിപാലിക്കുന്നവരാണ് നമ്മൾ. അത്തരത്തിലുളള മൃഗങ്ങളുടെ കുസൃതികളും പ്രവൃത്തികളും നമ്മൾ ആസ്വദിക്കാറുണ്ട്. രസകരമായ സംഭവങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്​റ്റ് ചെയ്യാനും ഒട്ടുമിക്കവരും മറക്കാറില്ല. എന്നാൽ വളർത്തുമൃഗം കാരണം ഉണ്ടായ ദുരന്തത്തെക്കുറിച്ചുളള ഒരു ചൈനീസ് യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

സംഭവം നടന്നത് ഈ മാസം 11നാണ്. പ്രിയപ്പെട്ട പൂച്ച 11 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വീട്ടിൽ വരുത്തിവച്ചതെന്നാണ് ദണ്ഡൻ എന്ന യുവതി പറഞ്ഞത്. തന്റെ ഓമനയായ 'ജിൻഗൗഡിയാവോ'എന്ന പേരുളള പൂച്ചയെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയതായിരുന്നു യുവതി. മണിക്കൂറുകൾക്കകം ദണ്ഡനെ തേടിയെത്തിയത് ഒരു ഫോൺകോളായിരുന്നു. യുവതിയുടെ ഫ്ളാ​റ്റിന്റെ മേൽനോട്ടം വഹിക്കുന്ന ഒരു വ്യക്തിയുടെ കോളാണ് വന്നത്. ഫ്ളാ​റ്റിന്റെ അടുക്കളയിൽ തീപിടിച്ചെന്നായിരുന്നു വിവരം.

ദണ്ഡൻ ഫ്ലാ​റ്റിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസിലായത്. പൂച്ച അടുക്കളയിൽ നിന്ന് കളിക്കുകയായിരുന്നു. അതിനിടയ്ക്ക് അബദ്ധത്തിൽ ഇൻഡക്ഷൻ കുക്കറിൽ സ്പർശിക്കുകയും അത് ഓണാകുകയുമായിരുന്നു. ഇതാണ് തീപിടിത്തത്തിൽ കലാശിച്ചത്. ഇതോടെ അടുക്കളയും ഹാളും കത്തിനശിക്കുകയായിരുന്നു. അഗ്നിശമനയെത്തിയാണ് തീയണച്ച് പൂച്ചയെ രക്ഷപ്പെടുത്തിയത്. പൂച്ചയ്ക്ക് യാതൊരു പരിക്കുകളും ഏറ്റിരുന്നില്ല.

ഇതോടെ യുവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും പൂച്ചയോടൊപ്പമുളള വീഡിയോകളും ചിത്രങ്ങളും ഒഴിവാക്കിയിരുന്നു. എന്നാൽ അടുത്തിടെ മ​റ്റൊരു വെളിപ്പെടുത്തലുമായി ദണ്ഡൻ സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു. ഫ്ളാ​റ്റിന് തീപിടിച്ചതിന് പിന്നീൽ ജിൻഗൗഡിയാവോ മാത്രമല്ല കാരണം താനാണെന്നും യുവതി പറഞ്ഞ് ക്ഷമാപണം നടത്തുകയായിരുന്നു. ഇതോടെ യുവതിയുടെ ക്ഷമാപണം സോഷ്യൽ മീഡിയയിൽ വൈറലായി. എന്റെ പൂച്ച ഉപയോഗശേഷം ടോയ്ല​റ്റിൽ ഫ്ലഷ് ചെയ്യുന്നത് മറക്കാറില്ലെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു.