
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട 'ചായക്കടിയാണ്' റസ്‌ക്. നല്ല ചൂട് ചായയിൽ റസ്‌ക് മുക്കി കഴിക്കുന്നത് പലർക്കും നൊസ്റ്റാൾജിയ ആയിരിക്കും. കൂടാതെ എണ്ണ ചേർക്കാതെ ബ്രഡ് രണ്ട് തവണ ബേക്ക് ചെയ്തുണ്ടാക്കുന്നത് ആയതിനാൽ ഡയറ്റ് ചെയ്യുന്നവർക്കും റസ്‌കിനോട് പ്രിയമുണ്ട്. എന്നാൽ റസ്‌ക് ആരോഗ്യത്തിന് നല്ലതല്ലെന്നും ഏറ്റവും മോശപ്പെട്ട സ്‌നാക്ക് ആണെന്നുമാണ് പ്രമുഖ വെയിറ്റ് ലോസ് സ്‌പെഷ്യലിസ്റ്റായ റിച്ച ഗംഗാനി പറയുന്നത്. റസ്‌ക് തയ്യാറാക്കുന്നതിന്റെ വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.
റസ്‌കിൽ ധാരാളമായി ട്രാൻസ് ഫാറ്റ് (പാമോയിൽ), അഡിറ്റീവുകൾ, പഞ്ചസാര, മൈദ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് റിച്ച പറയുന്നു. 'എത്രത്തോളം അനാരോഗ്യകരമായ ഭക്ഷണമാണ് അതെന്ന് അറിഞ്ഞാൽ പിന്നെയൊരിക്കലും നിങ്ങൾ റസ്‌ക് കഴിക്കില്ല. റസ്‌ക് തയ്യാറാക്കുമ്പോൾ പെട്ടിക്കണക്കിന് പാമോയിൽ ഒഴിക്കുന്നത് വീഡിയോയിൽ കാണാം. ചാക്കുകണക്കിനാണ് പഞ്ചസാര ചേർക്കുന്നത്. പിന്നെയും പാമോയിലും മൈദയും ഈസ്റ്റും ചേർക്കുന്നു.
ആരോഗ്യകരമായ ഭക്ഷണം എന്ന നിലയിലാണ് റസ്‌കിന് പ്രചാരണം നൽകുന്നത്. എന്നാൽ അവ അതല്ല. അതിനാൽ തന്നെ കമ്പനികളുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. യഥാർത്ഥത്തിൽ ശുദ്ധീകരിച്ച മാവ്, പഞ്ചസാര, വിലകുറഞ്ഞ എണ്ണകൾ, അധിക ഗ്ലൂട്ടൻ, ഹാനികരമായ ഭക്ഷ്യ അഡിറ്റീവുകൾ എന്നിവയുടെ മിശ്രിതമാണ് റസ്‌ക്'- റിച്ച ഗംഗാനി പറയുന്നു.