
മക്കളുടെ സുരക്ഷിതമായ ഭാവിക്കുവേണ്ടി പലതരത്തിലുളള നിക്ഷേപപദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും ആരോഗ്യവും വിവാഹവും മുന്നിൽ കണ്ടാണ് മിക്കവരും പദ്ധതികളിൽ ഭാഗമാകുന്നത്. മികച്ച നിക്ഷേപപദ്ധതി തിരഞ്ഞെടുക്കുന്നതും പ്രധാനപ്പെട്ട ഒരു ഘടകമാണ്. വിവിധ പദ്ധതികളിൽ ഭാഗമാകുമ്പോൾ ലഭിക്കുന്ന നേട്ടങ്ങൾ മനസിലാക്കാൻ സാധിക്കാത്തതുക്കൊണ്ട് മിക്കവരും പണം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയാണ് പതിവ്.
എന്നാൽ ഇനി പണം നിക്ഷേപിച്ച് കൂടുതൽ വരുമാനം ലഭിക്കുന്ന ഒരു പദ്ധതി പരിചയപ്പെട്ടാലോ? സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് പ്ലാനിന്റെ (എസ്‌ഐപി) ഒരു പദ്ധതിയാണിത്. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ചെറിയ പ്രായമുളളപ്പോൾ തന്നെ രക്ഷിതാക്കൾക്ക് ഈ പദ്ധതിയിൽ ഭാഗമാകാവുന്നതാണ്. ഉദാഹരണത്തിന് കുഞ്ഞിന് മൂന്ന് വയസുളളപ്പോൾ രക്ഷിതാവിന് പദ്ധതിയിൽ ചേരാം. എങ്കിൽ കുഞ്ഞിന് 18 വയസ് തികയുമ്പോൾ പണം പിൻവലിക്കാൻ സാധിക്കും.
പണം നിക്ഷേപിക്കേണ്ട രീതി
ദിവസവും 150 രൂപയുടെ നിക്ഷേപം നടത്തിയും ഈ പദ്ധതിയിൽ ഭാഗമാകാവുന്നതാണ്. അല്ലെങ്കിൽ പ്രതിമാസം 4500 രൂപയോ വർഷത്തിൽ 54,000 രൂപയോ നിക്ഷേപിക്കാവുന്നതാണ്. എങ്ങനെ നിക്ഷേപം നടത്തണമെന്ന് നിക്ഷേപകർക്ക് തീരുമാനിക്കാം.
15 വർഷത്തെ പദ്ധതിയിലാണ് നിങ്ങൾ ചേരുന്നതെങ്കിൽ ആകെ നിക്ഷേപം 8,10,000 രൂപയാകും. 12 ശതമാനം പലിശയും പദ്ധതിയിൽ നിന്ന് ലഭിക്കും. അതായത് പലിശയിനത്തിൽ മാത്രം നിക്ഷേപകർക്ക് 14,60,592 ലഭിക്കും. 15 വർഷം കൊണ്ട് ആകെ 22,70,592 രൂപ ലഭിക്കും.പദ്ധതിയിൽ ചേരുന്നതിന് മുൻപ് ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ ഉപദേശവും തേടേണ്ടത് അത്യാവശ്യമാണ്.