
ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ മാദ്ധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത പേരായിരുന്നു അവനി ഡയസിന്റേത്. ഓസ്ട്രേലിയൻ മാദ്ധ്യമപ്രവർത്തകയാണ് അവർ. തന്റെ റിപ്പോർട്ടിംഗ് കാരണം മോദി സർക്കാർ വിസ നീട്ടി നൽകിയില്ലെന്നും അതിനാൽ ഇന്ത്യവിടുകയാണെന്നുമുള്ള അവരുടെ പോസ്റ്റ് ഏറെ ചർച്ചയായി.
ആരാണ് അവനി ഡയസ്
ഓസ്‌ട്രേലിയയിലെ എബിസി ന്യൂസിലെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫാണ് അവനി ഡയസ്. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. യൂത്ത് റേഡിയോ സ്റ്റേഷനായ ട്രിപ്പിൾ ജെയിലെ കറന്റ് അഫയേഴ്സ് ഷോയുടെ അവതാരകയായിരുന്നു മുമ്പ് അവർ. രണ്ട് വർഷത്തിലധികമായി ഇന്ത്യയിലായിരുന്നു താമസം.
2019 ലെ ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ മൾട്ടി കൾച്ചറൽ കമ്മ്യൂണിക്കേഷൻസ് അവാർഡുകളിൽ പബ്ലിക് ഇന്ററസ്റ്റ് അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ ആവനിയെ തേടിയെത്തിയിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവുമായി ബന്ധപ്പെട്ട്, മോദി സർക്കാരിനെതിരെ മുപ്പത്തിരണ്ടുകാരിയായ അവനി ഡയസ് കഴിഞ്ഞ മാസം യൂട്യൂബിൽ ഒരു വീഡിയോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് വിസ നീട്ടിനൽകാത്തതിന് കാരണമെന്നാണ് അവരുടെ ആരോപണം.
കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ സറെയിലെ സിക്ക് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് സെപ്തംബറിൽ ട്രൂഡോ ആരോപിച്ചിരുന്നു. അന്നുമുതൽ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാവുകയും ചെയ്‌തിരുന്നു.
അവനിയുടെ ആരോപണം
നരേന്ദ്ര മോദി സർക്കാരിനെതിരായ നിർണായക റിപ്പോർട്ടിന് ശേഷം വിസ നീട്ടുന്നതിൽ പ്രശ്നങ്ങൾ നേരിട്ടെന്നായിരുന്നു ആവനിയുടെ അരോപണം. പെട്ടെന്ന് ഇന്ത്യ വിടാൻ അധികൃതർ തന്നോട് ആവശ്യപ്പെട്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും അവർ പറയുന്നു.

എക്സിലൂടെയായിരുന്നു മാദ്ധ്യമപ്രവർത്തക രംഗത്തെത്തിയത്. 'കഴിഞ്ഞ ആഴ്ച എനിക്ക് പെട്ടെന്ന് ഇന്ത്യ വിടേണ്ടി വന്നു. റിപ്പോർട്ടിംഗ് അതിരുകടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിസ നീട്ടുന്നത് നിരസിക്കപ്പെടുമെന്ന് മോദി സർക്കാർ എന്നോട് പറഞ്ഞു. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഇടപെടലുകൊണ്ട് രണ്ട് മാസം കൂടി കാലാവധി ലഭിച്ചു. ഫ്‌ളൈറ്റിന് ഇരുപത്തിനാല് മണിക്കൂർ മുമ്പായിരുന്നു ഇത്. എന്നാൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. അതിനാൽ ജനാധിപത്യത്തിന്റെ മാതാവെന്ന് മോദി വിളിക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ദിനം തന്നെ ഞങ്ങൾ ഇന്ത്യ വിട്ടു.'- എന്നായിരുന്നു അവർ എക്‌സിൽ കുറിച്ചത്.
ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെപ്പറ്റി തന്റെ പോഡ്കാസ്റ്റായ 'ലുക്കിംഗ് ഫോർ മോദി' എപ്പിസോഡിലൂടെ അവർ വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ പ്രതികരണം
അവനിയുടെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും നികൃഷ്ടവുമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് രണ്ട് മാസം വിസ കാലാവധി നീട്ടി നൽകിയത്. 2024 ഏപ്രിൽ 20 വരെ സാധുതയുള്ളതായിരുന്നു അവരുടെ വിസ എന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം.

അവനി ഡയസ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്‌തോ?
ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന്റെയും മറ്റ് നയതന്ത്രജ്ഞരുടെയും ശ്രമഫലമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവനി ഡയസിന് വിസാ കാലാവധി നീട്ടിനൽകിയത്. ഇക്കാര്യം എബിസി ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവനി ഇന്ത്യ വിടുന്നതിന് 24 മണിക്കൂർ മുമ്പാണ് ഈ അറിയിപ്പ് വന്നത്.
ഇന്ത്യൻ അധികൃതർ വിസ നീട്ടിയിട്ടും സ്വന്തം ഇഷ്ടപ്രകാരമാണ് അവനി ഡയസ് രാജ്യം വിടാൻ തീരുമാനിച്ചതെന്ന് ഓസ്‌ട്രേലിയൻ അധികൃതർ പറഞ്ഞു. അവനി ഇന്ത്യ വിട്ടെങ്കിലും ഇന്ത്യൻ സർക്കാർ തങ്ങളുടെ അഭ്യർത്ഥനയെ മാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.