rosa

മുൻ കാലങ്ങളെ അപേക്ഷിച്ച് തൊഴിൽ സാദ്ധ്യതയുള്ള പല തരത്തിലുള്ള കോഴ്‌സുകൾ ഇന്ന് നമ്മുടെ രാജ്യത്ത് ലഭ്യമാണ്. ഭൂരിഭാഗം യുവാക്കളും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെങ്കിലും മനസ് വച്ചാൽ നമ്മുടെ നാട്ടിൽത്തന്നെ നല്ലൊരു വരുമാനമുള്ള ജോലി നേടിയെടുക്കാൻ സാധിക്കും. ഇതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മൾ പഠിക്കുന്ന കോഴ്‌സ്.

നമ്മുടെ നാട്ടിൽ അധികം കേട്ട് കേൾവിയില്ലാത്തതും എന്നാൽ, വലിയ രീതിയിൽ തൊഴിൽ സാദ്ധ്യതയുമുള്ള കോഴ്‌സാണ് 'സെറാമിക് ആന്റ് ഗ്ലാസ് ഡിസൈനിംഗ്'. ഈ കോഴ്‌സ് പഠിച്ച് ഇന്ന് ചൈനയ്‌ക്ക് പോലും തയ്യാറാക്കാൻ കഴിയാത്തത്രയും ക്രിയാത്മകമായ ഡിസൈനുകൾ ചെയ്യുന്ന ഒരു യുവതിയെ നമുക്ക് പരിചയപ്പെടാം. കോട്ടയംകാരിയായ റോസ ശ്രുതി എബ്രഹാം ആണ് ആ മിടുക്കി. ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും സുപരിചിതമായ 'കോസാവ' എന്ന ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഈ 29കാരി.

കട്ട സപ്പോർട്ടായി കുടുംബം

വളരെ ചെറുപ്പത്തിൽ തന്നെ റോസ കുടുംബസമേതം തിരുവനന്തപുരത്തേക്ക് ചേക്കേറിയതാണ്. സ്‌കൂൾ വിദ്യാഭ്യാസം തലസ്ഥാന നഗരിയിൽ തന്നെയാണ് പൂർത്തിയാക്കിയത്. അച്ഛൻ എബ്രഹാം കുടുംബപരമായുള്ള ബിസിനസ് നോക്കി നടത്തുകയാണ്. വീട്ടമ്മയായ അമ്മ ശ്രുതിയും ആറാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരനും എല്ലാത്തിനും സപ്പോർട്ടായി ഒപ്പമുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് റോസ പറയുന്നത്. ആഗ്രഹമുള്ളതെല്ലാം പഠിക്കാൻ അവർ ഒപ്പം നിന്നു. സാമ്പത്തികമായും അല്ലാതെയും എല്ലാത്തിനും ഒപ്പമുള്ള കുടുംബം തന്നെയാണ് തന്റെ ധൈര്യം എന്നും റോസ എടുത്തുപറയുന്നു.

kosava

പഠനം

കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലാണ് റോസ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. ബി.കോം ബിരുധവുമായി ആ കോളേജിന്റെ പടിയിറങ്ങിയപ്പോൾ ഒരിക്കലും റോസ വിചാരിച്ചിരുന്നില്ല താൻ ഒരു സെറാമിക്‌ ഡിസൈനർ ആകുമെന്ന കാര്യം. കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്‌‌സ് പഠിക്കണമെന്നുള്ളത്. അതിനാൽ, പോസ്റ്റ് ഗ്രാജുവേഷനായി ജയ്‌പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ക്രാഫ്റ്റ് ആന്റ് ഡിസൈനിൽ അഡ്‌മിഷനെടുത്തു.

സെറാമിക് ഡിസൈനിംഗിലേക്ക്

ടെക്‌സ്റ്റൈൽ ‌ഡിസൈനിംഗ് കോഴ്‌സിൽ ചേർന്ന ആദ്യ ആറ് മാസം മെറ്റീരിയൽ എക്‌സ്‌പ്ലൊറേഷൻ ആയിരുന്നു. ആ സമയത്ത്, തിരഞ്ഞെടുത്ത കോഴ്‌സുമായി ബന്ധപ്പെട്ട് മാത്രമല്ല പല മെറ്റീരിയലുകളിലും പഠിക്കാനുള്ള അവസരം റോസയ്‌ക്ക് ലഭിച്ചു. ആ സമയത്താണ് സെറാമിക് ആന്റ് ഗ്ലാസ് ഡിസൈനിംഗിലേക്ക് തിരിയാൻ തോന്നിയത്. അങ്ങനെ ഈ ഒരു മേഖലയിലേക്ക് എത്തുകയായിരുന്നു. സെറാമിക് ഡിസൈനിംഗ് താൽപ്പര്യമുള്ളവർക്കായി ഇന്ന് സ്വന്തം സ്റ്റുഡിയോയിൽ റോസ ക്ലാസെടുക്കുന്നുമുണ്ട്.

ജോലിക്കിടയിലും പഠിക്കാൻ താൽപ്പര്യമുണ്ടോ?

ജോലി, പഠനം തുടങ്ങിയ തിരക്കുകൾക്കിടയിലും നിങ്ങൾക്ക് സെറാമിക് ഡിസൈനിംഗ് പഠിക്കണമെങ്കിൽ റോസയുടെ സ്റ്റുഡിയോയിലെ ക്ലാസുകളിൽ ചേരാവുന്നതാണ്. രണ്ട് തരത്തിലുള്ള ക്ലാസുകളാണ് സ്റ്റുഡിയോയിൽ ഉള്ളത്. ഹാൻഡ് ബിൽഡിംഗ്, വീൽ ത്രോയിംഗ് എന്നിവയാണ് അവിടെ പഠിപ്പിക്കുന്നത്. ഒന്ന് കൈ വച്ച് നിർമിക്കുന്നതും മറ്റേത് വീൽ ഉപയോഗിച്ച് നിർമിക്കുന്ന രീതിയുമാണ്.

സെറാമിക് ഡിസൈനിംഗുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങളാണ് ഈ കോഴ്‌സുകളിലൂടെ റോസ പഠിപ്പിക്കുന്നത്. ഹാൻഡ് ബിൽഡിംഗ് കോഴ്‌സ് നാല് ക്ലാസുകളായിട്ടാണ്. ടെക്‌നിക്കൽ, പിഞ്ചിംഗ്, കോയിലിംഗ്, സ്ലാബ് ബിൽഡിംഗ് എന്നിവയാണ് ഇതിലടങ്ങിയിട്ടുള്ളത്. ഒരു സെഷൻ രണ്ടര മണിക്കൂർ ക്ലാസാവും ഉണ്ടാകുക. വീൽ ത്രോയിംഗിൽ 12 സെഷനുകളാണ് ഉള്ളത്. ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കുമെല്ലാം സൗകര്യപ്രദമായി ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്.

rosa-

വ്യത്യസ്‌തമായ ഡിസൈനുകൾ

കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്ന രീതിയിലും സ്വന്തം ക്രിയാത്മകതയിലുണ്ടാകുന്ന ഡിസൈനുകളും റോസ ഉണ്ടാക്കാറുണ്ട്. കൂടുതലും സ്വന്തം ഡിസൈനുകളാണ്. പാത്രങ്ങൾ, കപ്പുകൾ, മൃഗങ്ങളുടെ രൂപം, കീ ഹോൾഡറുകൾ, ടേബിൾ ലാംപ്, ഫോട്ടോ ഫ്രെയിമുകൾ തുടങ്ങി പല തരത്തിലുള്ള ഡിസൈനുകൾ റോസ ചെയ്യാറുണ്ട്. ഓൺലൈനായിട്ടാണ് കൂടുതലും ഓർഡറുകൾ ലഭിക്കാറുള്ളത്. നിർമിക്കാനെടുക്കുന്ന സമയം ഓരോ ഡിസൈൻ അനുസരിച്ച് ആയിരിക്കും.

റിജക്ഷനുകൾ നേരിടേണ്ടി വരുമ്പോൾ

100 എണ്ണത്തിന്റെ ഓർഡർ ലഭിക്കുകയാണെങ്കിൽ അധികമായി 20 എണ്ണം കൂടി ഉണ്ടാക്കേണ്ടി വരാറുണ്ടെന്നാണ് റോസ പറയുന്നത്. കാരണം കളിമണ്ണിൽ ഡിസൈൻ ചെയ്‌ത ശേഷം ഫയറിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഇതിനെ സെറാമിക്ക് ആക്കി മാറ്റുന്നത്. ഇതിന് മണിക്കൂറുകൾ വേണ്ടിവരും. ഇങ്ങനെ അമിതമായ ചൂട് നൽകി ചെയ്യുന്നതിനാൽ തന്നെ എല്ലാ ഡിസൈനിനും പ്രതീക്ഷിക്കുന്ന നിറം ഒരുപോലെ ലഭിക്കാറില്ല. അതിനാൽ ചിലത് വീണ്ടും ചെയ്യേണ്ടതായി വരാറുണ്ടെന്നും റോസ പറഞ്ഞു. ഇതെല്ലാം ജോലിയുടെ ഭാഗമാണെന്നും വളരെ ഇഷ്‌ടത്തോടെ ചെയ്യുന്നതിനാൽ യാതൊരു മടുപ്പും അനുഭവപ്പെടാറില്ലെന്നും അവർ പറയുന്നു.

നിങ്ങൾക്കും സെറാമിക് ഡിസൈനിംഗിലേക്ക് തിരിയാം

ധാരാളം ക്ഷമയും സമയവും ആവശ്യമുള്ള മേഖലയാണിത്. നിരന്തരം പ്രാക്‌ടീസ് ചെയ്‌തുകൊണ്ടേയിരിക്കുക. അപ്പോൾ നിങ്ങളുടെ മനസിൽ പുതിയ ആശയങ്ങൾ, ഡിസൈൻ എന്നിവ വരും. ക്രാഫ്റ്റ് ഡിസൈനിംഗ് കോഴ്‌സ് പഠിക്കുന്നതിന് അത്യാവശ്യം നല്ല രീതിയിൽ പണച്ചെലവ് വരുന്നതാണ്. റോസ പഠിച്ച ജയ്‌പൂരിലെ കോളേജിലും അതേ അവസ്ഥയായിരുന്നു. പഠിക്കാനുള്ള മെറ്റീരിയലുകളെല്ലാം കോളേജിൽ നിന്ന് തന്നെ നൽകുമായിരുന്നുവെന്നും അവർ പറയുന്നു.

ഒരു ഹോബിയായി മുന്നോട്ട് കൊണ്ടുപോകാനാണെങ്കിൽ ഇത്തരം ക്രാഫ്റ്റുകൾ പഠിപ്പിക്കുന്ന സ്റ്റുഡിയോയിൽ പോയി ചെറിയ കോഴ്‌സുകൾക്ക് ചേരാം. മുന്നോട്ട് പോകാൻ താൽപ്പര്യമുണ്ടെന്ന് തോന്നുകയാണെങ്കിൽ രണ്ട് വർഷത്തെ കോഴ്‌സിന് ചേരാവുന്നതാണ്.

View this post on Instagram A post shared by rosa abraham (@ko.sa.va)

ചൈനയ്‌ക്കുപോലും പുനർനിർമിക്കാനാവാത്തവ

ചൈനക്കാർക്കോ അല്ലാതെയോ പുനർ നിർമിക്കാൻ കഴിയാത്ത ഡിസൈനുകൾ ഉണ്ടാക്കാനാണ് റോസ ശ്രമിക്കുന്നത്. മോൾഡ് ഉപയോഗിച്ച് ചെയ്യാൻ പറ്റാത്ത അത്രയും സൂക്ഷ‌മമായുള്ള ഡിസൈനുകൾ വരെ റോസ തന്റെ കൈകൊണ്ട് നിർമിക്കാറുണ്ട്.

വരുമാനം

പഠിച്ചിറങ്ങിയ ശേഷം കൊച്ചിയിലെ ഒരു സ്റ്റുഡിയോയിൽ കുറച്ചുകാലം റോസ ജോലി ചെയ്‌തിരുന്നു. പിന്നീട് തിരുവനന്തപുരം നന്ദൻകോടിന് സമീപം കോസാവ എന്ന സ്വന്തം ബ്രാൻഡ് ആരംഭിക്കുകയായിരുന്നു. ഏതാണ്ട് രണ്ട് വർഷമായിട്ടേയുള്ളു കോസാവ ആരംഭിച്ചിട്ട്. 150 രൂപ മുതൽ 3000 വരെ വില വരുന്ന പ്രോഡക്‌ടുകളാണ് കോസാവയിലുള്ളത്.

വരുമാനം ഓരോ മാസവും പല തരത്തിലായിരിക്കും എന്നാണ് റോസ പറയുന്നത്. എക്‌സിബിഷനുകളിൽ പങ്കെടുക്കുകയാണെങ്കിൽ ചിലപ്പോൾ അതിലൂടെ ഒന്നോ രണ്ടോ ദിവസത്തിൽ ധാരാളം വരുമാനം ഉണ്ടാക്കാൻ സാധിക്കും. മാത്രമല്ല, ക്ലാസുകൾ എടുക്കുന്നതിനാൽ അതിൽ നിന്നുള്ള വരുമാനവും റോസയ്‌ക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും റോസയ്‌ക്ക് ഓൺലൈനായി ലഭിക്കുന്ന ഓർഡറുകളാണ് ഏറെയും. ഇതിൽ നിന്ന് നല്ലൊരു തുക മാസം സമ്പാദിക്കാൻ റോസയ്‌ക്ക് കഴിയുന്നുണ്ട്.

View this post on Instagram A post shared by rosa abraham (@ko.sa.va)

സ്റ്റുഡിയോ കുറച്ചുകൂടി വിപുലീകരിക്കണം, കൂടുതൽ ക്ലാസുകളെടുക്കണം. ഇതൊക്കെയാണ് റോസയുടെ ഭാവിയിലെ പ്രധാന ലക്ഷ്യം. പറ്റിയാൽ കേരളത്തിൽ സെറാമിക് ഡിസൈനിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി വ്യത്യസ്തമായ കോഴ്‌സുകൾ ആരംഭിക്കണമെന്നും റോസയ്‌ക്ക് ആഗ്രഹമുണ്ട്.