
തിരുവനന്തപുരം: ജോലി കളയിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയതായി കെഎസ്ആർടിസി ഡ്രൈവർ യദു. തനിക്ക് മനപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും തന്നെ നാണം കെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിൽ അടക്കം കേസ് നൽകുമെന്നും യദു പ്രതികരിച്ചു.
യദുവിന്റെ പ്രതികരണം-
''ഞാനൊരു സാധാരണക്കാരനും കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനുമാണ്. അധികാര ദുർവിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീർക്കുകയാണവർ. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്. അങ്ങിനെ ഒരു കേസുമില്ല. ഈ കേസിൽ ഞാൻ കോടതിയിൽ പോവുകയും, എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും. കുറച്ചുദിവസത്തേക്ക് ഡ്യൂട്ടിക്ക് കയറണ്ട എന്നാണ് ഓഫീസിൽ നിന്നും അറിയിച്ചിട്ടുള്ളത്.
എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു ഇത്. 715 രൂപയാണ് ഒരുദിവസത്തെ ശമ്പളം. സാധാ കൂലിപ്പണിക്കാരന് 1000 രൂപ കിട്ടും. ഇതുപോലുള്ള ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ. നിന്റെ അപ്പന്റെ വകയാണോ റോഡ് എന്നാണ് എന്നോട് ചോദിച്ചത്. എനിക്ക് മനപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും എന്നെ നാണംകെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിലും ഞാൻ കേസ് കൊടുക്കും.
സർക്കാർ വാഹനം തടഞ്ഞതിന് സാധാരണക്കാരനായിരുന്നെങ്കിൽ ഇപ്പോൾ എന്തെല്ലാം കേസ് ആയേനേ. ഇതിപ്പോൾ അങ്ങനെയല്ലല്ലോ? എന്റെ ഭാഗത്താണ് ന്യായമെന്ന് പ്രചരിക്കുന്ന വീഡിയോകളിൽ എല്ലാം വ്യക്തമാണ്. തീവ്രവാദികളെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് എന്നെ കൊണ്ടുപോയത്. വണ്ടി ഒതുക്കി ഇടാൻ പോലും സമ്മതിച്ചില്ല. എന്റെ ജോലി കളയിക്കുമെന്നാണ് മാഡം പറഞ്ഞത്''.
കാറിന് സൈഡ് നൽകാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ചാണ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ തടഞ്ഞു നിറുത്തിയതിനെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡിൽ വാക്കേറ്റം നടന്നത്. ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ സിഗ്നലിൽ വേഗതകുറച്ചപ്പോൾ കുറുകെയിട്ട് തടഞ്ഞത്. ശനിയാഴ്‌ച രാത്രി 10നായിരുന്നു സംഭവം.
തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ്രൈവർ യദു.എച്ചിനെ അവിടെയെത്തിയ കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്ന് ബസ് തമ്പാനൂരിലെത്തിക്കുകയായിരുന്നു.
ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമടക്കമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതൽ കാറിന് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.
തുടർന്ന് ബസിനെ പിന്തുടർന്ന് തടയുകയായിരുന്നുവത്രെ. മേയറും എം.എൽ.എയും കാറിൽനിന്നിറങ്ങി തങ്ങൾ ആരാണാണെന്ന് പറഞ്ഞു. ഡ്രൈവറുടെ ഡോർ വലിച്ചു തുറന്നാണ് മേയർ സംസാരിച്ചത്. സ്ഥലംമാറ്റുമെന്നും നടപടിയുണ്ടാകുമെന്നും മേയർ പറഞ്ഞപ്പോൾ കൃത്യമായി ശമ്പളം ലഭിക്കാനുള്ള സാഹചര്യമൊരുക്കണം എന്നായിരുന്നു ഡ്രൈവറുടെ മറുപടി.
മേയർ ഡി.സി.പിയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മന്ത്രി കെ.ബി. ഗണേശ്കുമാറിനെയും വിവരമറിയിച്ചു. സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയോടുള്ള അധിക്ഷേപം എന്ന വകുപ്പ് ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ ജാമ്യത്തിൽ വിട്ടു. തന്നെ അസഭ്യം വിളിച്ചെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള ഡ്രൈവറുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ല.
ദൃശ്യം പകർത്തുന്നത് തടഞ്ഞു
വാക്കേറ്റം യാത്രക്കാരിലൊരാൾ മൊബൈലിൽ പകർത്തുന്നത് മേയർ തടഞ്ഞെന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. എം.എൽ.എ ഉൾപ്പെടെ ബസിൽ കയറിയും ദൃശ്യം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.