
തിരുവനന്തപുരം: നഗരസഭയുടെ വനിതാക്ഷേമ പദ്ധതിയുടെ കീഴിൽ പേട്ടയിൽ നിർമ്മിച്ച സ്ത്രീ സൗഹൃദ മുലയൂട്ടൽ കേന്ദ്രം പ്രവർത്തനം തുടങ്ങി. അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് മുലയൂട്ടാനോ വിശ്രമിക്കാനോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയ്‌ക്ക് പരിഹാരമായാണ് കേന്ദ്രം നിർമ്മിച്ചത്. പേട്ട റെയിൽവേ സ്റ്റേഷനു സമീപമുള്ള കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയം കോമ്പൗണ്ടിലാണ് കേന്ദ്രം. പൂർണമായും നഗരസഭയുടെ കീഴിൽവരുന്ന പദ്ധതി നഗരസഭാ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് യാഥാർത്ഥ്യമാക്കിയത്. അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് മുലയൂട്ടാനോ വിശ്രമിക്കാനോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയ്‌ക്ക് പരിഹാരമായാണ് കേന്ദ്രം നിർമ്മിച്ചത്.
പൊതുയിടങ്ങളിൽ സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും മുന്നിൽക്കണ്ടാണ് നഗരസഭ സ്ത്രീസൗഹൃദ വിശ്രമകേന്ദ്രമൊരുക്കിയത്. മുലയൂട്ടൽ കേന്ദ്രവും ടോയ്ലെറ്റും ഉൾപ്പെടുന്ന വിശ്രമമുറിയിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രവേശനം തികച്ചും സൗജന്യമാണ്. 500 സ്‌ക്വയർ ഫീറ്റിൽ 25 ലക്ഷം രൂപ ചെലവിട്ടാണ് കേന്ദ്രം നിർമ്മിച്ചത്.