marriage

സ്ത്രീധനം നിയമപരമായി തെ​റ്റാണെങ്കിലും പെൺമക്കൾക്ക് വിവാഹസമ്മാനമായി സ്വർണവും പണവും നൽകുന്ന പതിവ് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഭർത്താവിന്റെ വീട്ടിൽ പെൺമക്കളുടെ ജീവിതം കൂടുതൽ സുഖകരവും ഭാവിയിലേക്കുളള കരുതൽ എന്ന നിലയിലുമാണ് രക്ഷിതാക്കൾ ഇത്തരത്തിലുളള സമ്മാനങ്ങൾ നൽകാറുളളത്. ചിലർ സ്വർണത്തിനും പണത്തിനും പുറമേ കാറും വീടും വരെ സമ്മാനമായി നൽകാറുണ്ട്. ഈ വ്യവസ്ഥ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നടന്നുവരുന്നുണ്ട്.

വിവാഹവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുളള ആചാരങ്ങളും അനുഷ്ഠാനങ്ങളും പലസ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയിൽ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ വിഭാഗത്തിലുളളവർ പെൺമക്കൾക്ക് സ്ത്രീധനമായി സ്വർണമോ പണമോ നൽകാറില്ല. പകരം നൽകുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്.

ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കിൽ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാൽത്തന്നെ പെൺകുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതൽ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേർപ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴിൽ പാമ്പ് പിടിത്തമാണ്. അതിനാൽത്തന്നെ പാമ്പുകൾ ഇവർക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയിൽ സൂക്ഷിക്കുന്ന പാമ്പുകൾ ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.