
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ 7 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേഓഫിന് വളരെയടുത്തെത്തിയതോടെ ക്യാപ്റ്റൻ സഞ്ജു സാംസണാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. ചേസിംഗിൽ ഒരു ഘട്ടത്തിൽ പോലും പതറാതെ 33 പന്തിൽ 73 റൺസുമായി രാജസ്ഥാനെ വിജയതീരത്തെത്തിച്ചത് സഞ്ജുവിന്റെ ക്യാപ്ടന്റെ ഇന്നിംഗ്സായിരുന്നു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള ദിവസം അടുത്തുവരെ സഞ്ജുവിന്റെ തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ സെലക്ടർമാർക്ക് തള്ളിക്കളയാനാകില്ല.
ഇപ്പോഴിതാ 2024 ട്വന്റി20 ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഋഷഭ് പന്തിനെ മറികടന്നുകൊണ്ട് ടീമിൽ സഞ്ജു എത്തിയേക്കുമെന്നാണ് സ്‌പോർട്സ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പിൻ ബൗളുകളെ നേരിടാനുള്ള പ്രത്യേക കഴിവ് പരിഗണിച്ച് സഞ്ജുവിനെ ടീമിൽ തിരഞ്ഞെടുത്തേക്കുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലമാണ്. അതുകൊണ്ട് എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് സ്പിന്നർമാരെയെങ്കിലും ടീമിലെടുത്തേക്കും. സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയാൽ പന്തിനെ റിസർവ് കീപ്പറായും പരിഗണിച്ചേക്കും. ഐപിഎൽ മത്സരങ്ങളിലെ പ്രകടനങ്ങൾക്ക് മാത്രം കൂടുതൽ പ്രധാന്യം നൽകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങളും സെലക്ടർമാർ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ഹാർദിക് പാണ്ഡ്യയും ടീമിൽ ഇടം നേടാൻ സാദ്ധ്യതയുണ്ട്. രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവർ ടോപ്പ് ഓർഡർ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇടം നേടും.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സാദ്ധ്യത ടീം
ടോപ്പ് ഓർഡർ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്
മിഡിൽ-ലോവർ മിഡിൽ ഓർഡർ: സഞ്ജു സാംസൺ (വി.കീ), ഋഷഭ് പന്ത് (വി.കീ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിംഗ്
സ്പിന്നർ: കുൽദീപ് യാദവ്
ഫാസ്റ്റ് ബൗളർമാർ: ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ/മുഹമ്മദ് സിറാജ്
മറ്റ് ഓപ്ഷനുകൾ: കെഎൽ രാഹുൽ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ