d

ദുർഗാപൂർ: ദുർഗാപൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻ.ഐ.ടി) രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണത്തിൽ എൻ.ഐ.ടി ദുർഗാപൂർ ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം. ദുർഗാപൂരിലെ എൻ.ഐ.ടി വിദ്യാർഥിയായ അർപൻ ഘോഷിനെ (21) ഞായറാഴ്ച ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും എൻ.ഐ.ടി ദുർഗാപൂർ ഡയറക്ടർ അരവിന്ദ് ചൗബെ പറഞ്ഞു. സ്ഥാപനത്തിനെ സമ്മർദ്ദവും അവഗണനയുമാണ് മരണകാരണമെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തങ്ങൾക്ക് മതിയായ പഠന സമയം ലഭിക്കാത്തതും തുടർച്ചയായ പരീക്ഷകളും കടുത്ത മാനസിക പിരിമുറുക്കത്തിന് ഇടയാക്കുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കൂടാതെ, ക്യാമ്പസിൽ മതിയായ മെഡിക്കൽ സൗകര്യങ്ങളൊന്നുമില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ആരും രക്ഷിക്കാൻ വന്നില്ലെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

സംഭവദിവസം രാവിലെ 11.30 ഓടെയാണ് പരീക്ഷ നന്നായില്ലെന്ന് പറയാൻ മകൻ തന്നെ വിളിച്ചിരുന്നുവെന്ന് അർപൻ ഘോഷിന്റെ പിതാവ് അലോക് ഘോഷ് പറഞ്ഞിരുന്നു. അന്ന് രണ്ട് ടെസ്റ്റുകൾ ഉണ്ടായിരുന്നു. ആദ്യത്തേത് 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് അവസാനിക്കും. പക്ഷേ മകൻ 11 മണിക്ക് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി തന്നെ വിളിച്ചതായി അലോക് ഘോഷ് വ്യക്തമാക്കി. മകനെ ആശ്വസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഡയറക്ടർ അർപനിന്റെ ആത്മഹത്യ കുറിപ്പ് കാണിച്ചെന്നും സ്ഥാപനത്തിനെതിരെ പരാതിയില്ലെന്നും അലോക് കൂട്ടിച്ചേർത്തു.