
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ ലോക്‌സഭാ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നു.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.
മുതിർന്ന ബി.ജെ.പി നേതാവ് കൈലാശ് വിജയ്‌വാർഗിയയാണ് സമൂഹ മാദ്ധ്യമമായ എക്സിലൂടെ വിവരം പുറത്തുവിട്ടത്. ബി.ജെ.പി എം.എൽ.എ രമേശ് മെന്തോളയോടൊപ്പമെത്തിയാണ് പത്രിക പിൻവലിച്ചത്. നാലാം ഘട്ടത്തിൽ മേയ് 13നാണ് വോട്ടെടുപ്പ്.
ഇദ്ദേഹം ഉൾപ്പെടെ മണ്ഡലത്തിൽ മൂന്നു സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദ്ദേശ പത്രിക പിൻവലിച്ചതായി ജില്ലാ കളക്ടർ ആഷിഷ് സിംഗ് അറിയിച്ചു.
നാമനിർദ്ദേശ പത്രികയിൽ 17 വർഷം മുൻപുള്ള ഭൂമി തർക്കകേസിൽ ബാമിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തെന്ന വിവരം മറച്ചുവച്ചതായി ബി.ജെ.പി ആരോപിച്ചിരുന്നു. പത്രിക സമർപ്പിച്ച ദിവസം കുറ്റം ചേർത്തതിനാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർപ്പ് തള്ളുകയും നാമനിർദ്ദേശം സ്വീകരിക്കുകയും ചെയ്തു.
ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയായ ശങ്കർ ലാൽവാനിക്കെതിരെ 2019ൽ കോൺഗ്രസ് രംഗത്തിറക്കിയതും ബാമിനെയായിരുന്നു. അന്ന് മൂന്ന് മുൻ എം.എൽ.എമാർ ഉൾപ്പെടെ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനു പിന്നാലെയാണ് ബാമിനെ സ്ഥാനാർത്ഥിയാക്കിയത്.
കഴിഞ്ഞ ആഴ്ച സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുകയും ബി.എസ്.പി അടക്കമുള്ള മറ്റു കക്ഷികളും സ്വതന്ത്രരും പത്രിക പിൻവലിക്കുകയും ചെയ്തതോടെ വോട്ടെടുപ്പിന് മുമ്പേ ബി.ജെ.പിയുടെ മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.