കുറ്റ്യാടി: നാദാപുരം എം.ഇ.ടി കോളേജ് വിദ്യാർത്ഥിയും കെ.എസ്‌.യു യൂണിറ്റ് സെക്രട്ടറിയുമായ അക്ഷയ് (21) അസ്വാഭാവിക മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് ആവശ്യപ്പെട്ടു. മരണപ്പെട്ട അക്ഷയുടെ വീട് സന്ദർശിച്ച് മാതാപിതാക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്ന് അക്ഷയ് ആത്മഹത്യ ചെയ്യാനുള്ള യാതൊരു കാരണവും ഇല്ലായിരുന്നു എന്നും സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലെക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. വിഷു ദിനത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ അക്ഷയിയുടെ അസ്വാഭാവിക മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച സഹോദരിയോടും മാതാപിതാക്കളോടും അന്വേഷണ ഉദ്യോഗസ്ഥരായ കുറ്റ്യാടി പൊലീസ് മോശമായി പെരുമാറുന്ന സാഹചര്യവുമുണ്ടായി. കുടുംബാംഗങ്ങളുടെ പരാതി പോലും ഗൗരവത്തിൽ എടുക്കാതെ പൊലീസ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും പരിശോധിക്കപ്പെടേണ്ടതാണന്നും അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ മാറ്റി സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവന്നില്ലെങ്കിൽ കെ.എസ്‌.യു ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.