
ഹരിപ്പാട്: തിരഞ്ഞെടുപ്പ് പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുമാരപുരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ആറുപേർക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് നേരെ ആക്രമണുണ്ടായി. രണ്ട് ബൈക്കുകളും ഓട്ടോറിക്ഷയും തകർത്തു. ഇന്നലെ രാത്രി എട്ടരയ്ക്കും പത്തരയ്ക്കുമായി രണ്ടു പ്രാവശ്യമാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പ് മുതൽ പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ഇതിനിടെ ഇന്നലെ രാത്രി എട്ടരയോടെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ശ്യാം അശോകിനെ ചിലർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ശ്യാം ഓടിരക്ഷപ്പെട്ടു. പിന്നാലെ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിസുരേഷിനെ വീട്ടിൽ കയറി മർദ്ദിച്ചു. ഇവരുടെ ഭർത്താവിന്റെ ഓട്ടോറിക്ഷയുടെ ചില്ലു തകർത്തു. രാജിയെ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെ ഒരുസംഘം ആളുകൾ ഡി.വൈ.എഫ്.ഐ മുൻ ഏരിയ കമ്മിറ്റിയംഗം കൃഷ്ണലാൽ (43), മേഖലാ പ്രസിഡന്റ് നിധീഷ് കുട്ടൻ (39) എന്നിവരെ ആക്രമിച്ചു. കൃഷ്ണലാലിന്റെ കൈയ്യിൽ ആഴത്തിൽ മുറിവുണ്ട്. നിധീഷ്‌കുട്ടന്റെ പുറത്താണ് പരിക്ക്. നിധീഷിന്റെ ബൈക്കിന് കേടുവരുത്തി. ശ്യാം അശോകിന്റെയും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉഷ പുരുഷുവിന്റെയും വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. ശ്യാമിന്റെ അമ്മ ശ്യാമളയ്ക്ക് പരിക്കേറ്റു. വീട്ടുമുറ്റത്തിരുന്ന ബൈക്ക് തല്ലിത്തകർത്തു.