ചാരുംമൂട് : വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ മർദ്ദനമേറ്റ് രണ്ട് യുവാക്കൾ ആശുപത്രിയിൽ. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. താമരക്കുളം സുരേന്ദ്ര ഭവനം സിജിത്ത് (34) ഷംനാദ് മൻസിൽ ഷംനാദ് (30) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെ ഗുരുനാഥൻകുളങ്ങരയിലായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് പല കാറുകളിലായി ആഘോഷപൂർവ്വം എത്തിയ സംഘമാണ് യുവാക്കളെ മർദ്ദിച്ചത്. സംഘം ഓടുന്ന കാറിന്റെ ഡോറ് തുറന്ന് എഴുന്നേറ്റ് നിന്ന് ഭീതി പരത്തിയാണ് കടന്നുവന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. മർദ്ദനമേറ്റവർ സഞ്ചരിച്ചിരുന്ന കാറ് വിവാഹ സംഘത്തിന്റെ കാറിൽ ഉരസിയെന്നു പറഞ്ഞുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. യുവാക്കളുടെ മൊഴി പ്രകാരം നൂറനാട് പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് ഗുരുനാഥൻകുളങ്ങര ജംഗ്ഷനിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാർ തടഞ്ഞുവച്ച ശൂരനാട് വടക്ക് സ്വദേശികളായ ആറു യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.