
നെയ്‌റോബി: കിഴക്കേ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഡാം തകർന്ന് 17 കുട്ടികളടക്കം 40 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഇന്നലെ പുലർച്ചെ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കമചിരി ഗ്രാമത്തിലാണ് സംഭവം. ഇവിടെ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെയാണ് അപകടം. നിരവധി വീടുകൾ തകർന്നു. കെനിയയിൽ മഴക്കെടുതിയിൽ 100ലേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. ടാൻസാനിയ അടക്കം അയൽരാജ്യങ്ങളിലും മഴ തുടരുന്നുണ്ട്.