psg

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ 12-ാം തവണ മുത്തമിട്ട് സ്വന്തം റെക്കാഡ് മെച്ചപ്പെടുത്തി പാരീസ് സെയ്ന്റ് ജെർമെയ്ന്റെ കുതിപ്പ്. കഴിഞ്ഞ ദിവസം പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ എ.സ് മൊണാക്കോ 3-2ന് ഒളിമ്പിക് ലിയോണിനോട് തോറ്റതോടെയാണ് മൂന്ന് മത്സരം ബാക്കി നിൽക്കെ പി.എ‌സ്‌.ജി കിരീടം ഉറപ്പിച്ചത്. പി.എസ്.ജിക്ക് 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണ് ഉള്ളത്. മൊണാക്കോയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 68 പോയിന്റും. തുട‌ർച്ചയായ മൂന്നാം തവണയാണ് പി.എസ്.ജി ഫ്രഞ്ച് ലീഗ് കിരീടം നേടുന്നത്. എല്ലാ ടൂർണമെന്റുകളിലുമായി ക്ലബിന്റെ ഷെൽഫിൽ എത്തുന്ന അമ്പതാം ട്രോഫി കൂടിയാണിത്. സൂപ്പർ താരം എംബാപ്പെയ്ക്ക് പി.എസ്.ജിയിലെ തന്റെ കരിയർ കിരീട നേട്ടത്തോടെ അവസാനിപ്പിക്കാനുമായി. ഈ സീസൺ അവസാനത്തോടെ എംബാപ്പെ ക്ലബ് വിടും. 26 ഗോളുകൾ ലീഗ് വണ്ണിൽ ഈ സീസണിൽ നേടിക്കഴിഞ്ഞ എംബാപ്പെ ടോപ് സ്കോറർ പട്ടികയിൽ മറ്റുള്ളവരേക്കാൾ ഏറെമുന്നിലാണ്.

പി.എസ്.ജിയുടെ ആറ് ഫ്രഞ്ച് ലീഗ് വൺ കിരീട നേട്ടങ്ങളിൽ എംബാപ്പെ പങ്കാളിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ലീഗ വൺ കിരീടം നേടിയ ടീമുകളിൽ രണ്ടാം സ്ഥാനത്തുള്ളത് സെയിന്റ് എറ്റിന്നെയാണ് 10 തവണ. എന്നാൽ അവർ അവസാനം ചാമ്പ്യന്മാരായത് 1980/81 സീസണിലാണ്.