pic

എഡിൻബറ: സ്കോട്ട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ ( സ്കോട്ടിഷ് സർക്കാരിന്റെ തലവൻ )​ ഹംസ യൂസഫ് രാജി പ്രഖ്യാപിച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവായ ഹംസക്കെതിരെ ഈ ആഴ്ച പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ രണ്ട് അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിക്കാനിരിക്കെയാണ് രാജി.

കഴിഞ്ഞയാഴ്ച സ്കോട്ടിഷ് ഗ്രീൻസ് പാർട്ടിയുമായുണ്ടായിരുന്ന സഖ്യ കരാർ ഹംസ റദ്ദാക്കിയത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായിരുന്നു. പാർലമെന്റിൽ മതിയായ പിന്തുണയും നഷ്ടമായി. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് പുതിയ നേതാവിനെ കണ്ടെത്തുംവരെ പദവിയിൽ തുടരുമെന്ന് ഹംസ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിലാണ് ഹംസ ചുമതലയേറ്റത്. ഫസ്റ്റ് മിനിസ്റ്റർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 39കാരനായ ഹംസ യൂസഫ്. ഗ്ലാസ്ഗോയിൽ ജനിച്ച ഹംസ യൂസഫിന്റെ മാതാപിതാക്കൾ പാകിസ്ഥാൻ വംശജരാണ്. ഹെൽത്ത് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന ഹംസ സ്കോട്ടിഷ് സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ മുസ്ലിം മന്ത്രിയും വെള്ളക്കാരനല്ലാത്ത വ്യക്തിയുമാണ്.

ഒരു പടിഞ്ഞാറൻ യൂറോപ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യ മുസ്ലിം നേതാവും ഹംസ യൂസഫാണ്. 2016 മുതൽ ഗ്ലാസ്ഗോ പൊള്ളോക്കിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഹംസ. 2011 - 2016 കാലയളവിൽ ഗ്ലാസ്ഗോയിൽ നിന്നും എം.പിയായി.