തിരുവനന്തപുരം: ബി.ജെ.പിയുമായി ബന്ധപ്പെടുത്തി വിവാദങ്ങളിൽ കുടുങ്ങുന്നത് വൻദോഷം ചെയ്യുമെന്ന് വിലയിരുത്തിയ സി.പി.എം നേതൃത്വം ഇ.പി.ജയരാജൻ വിഷയത്തിൽ നിന്ന് എത്രയും പെട്ടെന്ന് തലയൂരാനുള്ള ശ്രമത്തിൽ.
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി മുൻപ്നടത്തിയ കൂടിക്കാഴ്ച
വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തി പാർട്ടിയെയും എൽ.ഡി.എഫിനെയും ഇ.പി.ജയരാജൻ പ്രതിസന്ധിയിലാക്കിയെന്ന് ബോധ്യമുണ്ടെങ്കിലും അദ്ദേഹത്തെ ന്യായീകരിക്കുകയാണ് സി.പി.എം സംസ്ഥാന നേതൃത്വം.
കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് നിലപാട് എടുത്ത നേതൃത്വം, അതിന് ഒത്താശചെയ്തുകൊടുത്ത ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പിയുടെ കൂട്ടുകെട്ടിനെ മാത്രമാണ് തള്ളിപ്പറഞ്ഞത്.
ഇടതു മുന്നണി കൺവീനർസ്ഥാനത്തുനിന്ന്ഇ.പിയെ പുറത്താക്കിയാൽ സി.പി.എമ്മിനെ പ്രഹരിക്കാനുള്ള ആയുധമാക്കി പ്രതിപക്ഷം മാറ്റുമെന്നും വിഷയം സമീപകാലത്തൊന്നും കെട്ടടങ്ങില്ലെന്നും പാർട്ടി ഭയക്കുന്നു.അതുകൊണ്ടാണ് സി.പി.ഐയുടെ സമ്മർദ്ദമുണ്ടായിട്ടും അതിനു തയ്യാറാവാത്തത്.
ബി.ജെ.പിയിൽ ചേരാൻ ഇ.പി ശ്രമിച്ചെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടിക്ക് അനുമതി നൽകിയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം
വാർത്താസമ്മേളനതതിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വെളിപ്പെടുത്തിയത്. മാദ്ധ്യമങ്ങളെ പഴിചാരി ഇ.പിയും
വിവാദം ശമിപ്പിക്കാൻ ശ്രമിച്ചു.
പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി നിലപാട് നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞതിനാൽ കൂടുതൽ ചർച്ചയിലേക്ക് യോഗം കടന്നില്ല.
ജാവദേക്കറുമായി തങ്ങളും സംസാരിച്ചിട്ടുണ്ടെന്നും അതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും ന്യായീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ്ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതെന്ന ആരോപണം ഇതോടെ
.കോൺഗ്രസ് ശക്തിപ്പെടുത്തുകയാണ്.
വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യം മാത്രമല്ലെന്നും മുന്നണിയെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഇ.പി വിഷയത്തിൽ ജാഗ്രത തുടരുമെന്നാണ് സി.പി.എം അനൗദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന
രാഷ്ട്രീയ പ്രത്യാഘാതം
ഒഴിവാക്കാൻ
1. എന്തെങ്കിലും നടപടിയെടുത്ത് ഇ.പിയെ ഒറ്റപ്പെടുത്താൻ പറ്റിയ അവസ്ഥയിലല്ല പാർട്ടി. നടപടിയെടുത്താൽ, അദ്ദേഹം നടത്തുന്ന പ്രതികരണങ്ങൾ പാർട്ടിയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ആശങ്കയുണ്ട്.
2. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം ഡിസംബറിൽ നടക്കാനിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളിൽ പലിടത്തും ഇപ്പോൾത്തന്നെ ബി.ജെ.പിയുണ്ട്. അവർക്ക് പ്രാമുഖ്യം കിട്ടുന്ന രാഷ്ട്രീയ അന്തരീക്ഷം തടയണം.നിയമസഭാ തിരഞ്ഞെടുപ്പ് 2026 മേയിലും നടക്കാനിരിക്കുകയാണ്.
അതൃപ്തി ശക്തം;വിഷയം
സംസ്ഥാന കമ്മിറ്റിയിലേക്ക്
പാർട്ടിക്ക് തുടരെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട പുതിയ വിവാദം നിസാരമായി കാണാനാവില്ലെന്ന വികാരം അണികളിലും ഒരു വിഭാഗം നേതാക്കളിലും ശക്തമാണ്.
അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഷയം ഉന്നയിക്കാനും ചർച്ച ചെയ്യാനുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.
ഇ.പി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ വിഷയം ചർച്ച ചെയ്യേണ്ടതും വിശദീകരണം തേടേണ്ടതും സംസ്ഥാന കമ്മിറ്റിയാണ്.
സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത ശേഷം നടപടി ആവശ്യമെങ്കിൽ കേന്ദ്ര കമ്മിറ്റിക്ക് ശുപാർശ ചെയ്യാം.കേന്ദ്ര കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്.
`എനിക്കെതിരെ രാഷ്ട്രീയ-മാദ്ധ്യമ ഗൂഢാലോചന നടന്നു. പാർട്ടിയെയും മുന്നണിയെയും തകർക്കുകയാണ് ലക്ഷ്യം.'
ഇ.പി.ജയരാജൻ,
(സംസ്ഥാന സെക്രട്ടേറിയറ്റിൽ
ഇന്നലെ പറഞ്ഞത്)