s

ന്യൂഡൽഹി: പി.സി.സി അദ്ധ്യക്ഷൻ അമരീന്ദർ സിംഗ് ബ്രാർ ഉൾപ്പെടെ പഞ്ചാബിൽ നാലു സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. അമരീന്ദർ ലുധിയാനയിലും കോൺഗ്രസ് ജനറൽ സെക്രട്ടറി സുഖ്ജിന്ദ‌ർ സിംഗ് രന്ദാവ ഗുർദാസ്പൂരിൽ നിന്നും ജനവിധി തേടും. ആനന്ദ്പൂർ സാഹിബ് സിറ്റിംഗ് എം.പി മനീഷ് തിവാരി ചണ്ഡിഗർ ലോക്‌സഭ മണ്ഡലത്തിലേക്ക് മാറിയ സാഹചര്യത്തിൽ മുൻ എം.പി വിജയ് ഇന്ദർ സിംഗ്ല മത്സരിക്കും. ഖദൂർ സാഹിബിൽ സിറ്റിംഗ് എം.പി ജസ്ബീർ സിംഗ് ഗില്ലിനു പകരം കുൽബീർ സിംഗ് സിറയെയാണ് പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.

ലുധിയാന സിറ്റിംഗ് എം.പി രവ്നീത് സിംഗ് ബിട്ടു ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെത്തുടർന്നാണ് അമരീന്ദറിനെ രംഗത്തിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പഞ്ചാബിലെ 13ൽ 12 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. ശനിയാഴ്ച ചേർന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമായത്. ജൂൺ 1ന് അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ്.