d

പാട്‌ന : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രസർക്കാർ. ഇന്ന് ഉച്ചയോടെ ബീഹാറിലെ ബെഗുസാരായിൽ ടേക്ക് ഓഫിനിടെ അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടർ നിയന്ത്രണം വിട്ടെന്ന വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചത്. സംഭവത്തിന്റെ വീഡിയോ അടക്കമായിരുന്നു പ്രചാരണം. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ആടിയുലയുന്നതും പിന്നീട് നിലത്ത് സ്പർശിക്കാൻ പോകുന്നതും വീഡിയോയിൽ കാണാം. പൈലറ്റ് ഹെലികോപ്ടറിന്റെ നിയന്ത്രണം വീണ്ടെടുത്ത് പറന്നുയരുന്നതും വീഡിയോയിൽ ഉണ്ട്. ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് അമിത് ഷാ ഇന്ന് എത്തിയിരുന്നു.

അതേസമയം സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. മേയ് ഒന്നിന് ഹാജരാകാൻ രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നിർദേശം നൽകി. വീഡിയോ വ്യാജമാണെന്നും വീഡിയോയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയിലാണ് നടപടി. തെലങ്കാനയിൽ നിന്നുള്ള മറ്റ് നാലുപേർക്കും ഡൽഹി പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണ ക്വാട്ട നിർത്തലാക്കണമെന്ന് ആഭ്യന്തരമന്ത്രി വാദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവച്ചിരുന്നു. ബിജെപിയുടെ "എസ്‌സി/ എസ്‌ടി സംവരണ ക്വാട്ടകൾ ഇല്ലാതാക്കാനുള്ള അജണ്ട" എന്ന പേരിൽ പിന്നീട് ഈ വീഡിയോ പല കോൺഗ്രസ് നേതാക്കന്മാരും പങ്കുവയ്ക്കുകയും ചെയ്തു. പ്രചാരണ റാലിക്കിടെയുള്ള അമിത് ഷായുടെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും വീഡിയോ വ്യാജമാണെന്നുമാണ് ബിജെപി ആരോപിച്ചത്. വീഡിയോ അപ്‌ലോഡ് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത അക്കൗണ്ടുകൾ കണ്ടെത്താൻ പൊലീസ് ഫേസ്‌ബുക്കിനും എക്‌സിനും നോട്ടീസ് അയച്ചിട്ടുണ്ട്.