kiwi

ക്രൈസ്റ്റ് ചർച്ച്: ജൂണിൽ യു.എസ്.എയും വെസ്റ്റിൻഡ‌ീസും സംയുക്താമായി ആതിഥേയത്വം അരുളുന്ന ട്വന്റി-20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസിലൻഡ്. കേൻ വില്യംസൺ നയിക്കുന്ന ടീമിൽ പരിക്കിനെത്തുടർന്ന് ഐ.പി.എൽ നഷ്ടമായ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡെവോൺ കോൺവേയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. നാലാം തവണയാണ് വില്യംസണിന്റെ നേതൃത്വത്തിൽ കിവീസ് ട്വന്റി- ലോകകപ്പിനിറങ്ങുന്നത്. വില്യംസണിന്റെ ആറാം ട്വന്റി- 20 ലോകകപ്പാണിത്. അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും ടീമിലുണ്ട്.സൗത്തിയുടെ കരിയറിലെ ഏഴാം ട്വന്ി-20 ലോകകപ്പാണിത്. ട്രെൻഡ് ബോൾച്ചിന്റെ അഞ്ചാമത്തേയും.മാറ്റ് ഹെൻറി,രചിൻ രവീന്ദ്ര എന്നിവരുടെ ആദ്യട ട്വന്റി-20 ലോകകപ്പാണിത്. പരിചയ സമ്പന്നരുടെയും മാച്ച് വിന്നർമാരുടേയും ഒരു നിരയുമായാണ് ന്യൂസിലൻഡ് ട്വന്റി- 20 ലോകകപ്പിന് എത്തുന്നത്.

അതേസമയം പരിക്കിന്റെ പിടിയിലുള്ള ആദം മിൽനെ, കെയ്ൽ ജാമിസൺ എന്നിവർ ടീമിലില്ല.

ന്യൂസിലൻഡ് ടീം: കേൻ വില്യംസൺ (ക്യാപട്ൻ), ഫിൻ അല്ലൻ, ട്രെൻഡ് ബോൾട്ട്, മിച്ചെൽ ബ്രെയ്‌സ്‌വെൽ, മാർക് ചാപ്മാൻ,ഡെവോൺ കോൺവേ, ലോക്കി ഫെർഗുസൻ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ,ജിമ്മി നീഷം,ഗ്ലെൻ ഫില്ലിപ്സ്,രചിൻ രവീന്ദ്ര,മിച്ചൽ സാന്റ്നർ,ഇഷ് സോധി, ടീം സൗത്തി.

പ്രഖ്യാപനം കൗതുകം

കഴിഞ്ഞ ഏകദിന ലോകകപ്പിന്റേതു പോലെ ഇത്തവണത്തെ ട്വന്റി-20 ലോകകപ്പ്ടീം പ്രഖ്യാപനവും വ്യത്യസ്തമാക്കി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. രണ്ട് കുട്ടികളാണ് ട്വന്റി-20 ലോകകപ്പിനുള്ള കിവീസ് ടീമിനെ പ്രഖ്യാപിച്ചത്. മെറ്റിൽഡ എന്ന പെൺകുട്ടിയും ആൻഗസ് എന്ന ആൺകുട്ടിയും. സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം കിവീസ് ടീം പ്രഖ്യാപനം വൈറലായി.കഴിഞ്ഞ ഏകദിന ലോകകപ്പിനുള്ള കിവീസ് ടീമിനെ പ്രഖ്യാപിച്ചത് താരങ്ങളുടെ കുടുംബാംഗങ്ങളായിരുന്നു. 1999 ഏകദിന ലോകകപ്പിൽ ഉപയോഗിച്ച ജേഴ്സിയാണ് ഇത്തവണ ടീം ധരിക്കുക.