
തിരുവനന്തപുരം: കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി ആചരിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഒന്നാം തീയതിയില്‍ മദ്യശാലകള്‍ അടച്ചിടുന്നത് പിന്‍വലിച്ചാല്‍ അതിലൂടെ 12 ദിവസം അധികമായി പ്രവൃത്തി ദിവസങ്ങള്‍ ലഭ്യമാകും. ഇതിലൂടെ വരുമാനത്തിലും വലിയ വര്‍ദ്ധനവ് സാദ്ധ്യമാകും. ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.
ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തില്‍ നഷ്ടമുണ്ടാകുന്നുവെന്നത് മാത്രമല്ല ഇത്തരമൊരു ആലോചനയിലേക്ക് കടക്കാനുള്ള പ്രേരണയായത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിന് പിന്നില്‍.
കൂടാതെ, ഇത് ദേശീയ-അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിര്‍ദേശത്തെക്കുറിച്ച് കുറിപ്പ് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നികുതിവരുമാനം കൂട്ടാന്‍ നിശ്ചിതയെണ്ണം ചില്ലറ മദ്യവില്‍പ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാദ്ധ്യതയും പരിശോധിക്കും. മൈക്രോ വൈനറികള്‍ പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.
മസാലചേര്‍ത്ത വൈനുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാദ്ധ്യതകളും പരിശോധിക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശകളില്‍ വീഞ്ഞു നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പിന്തുണ നല്‍കണമെന്നാണ് നിര്‍ദേശം. ഹോര്‍ട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും. കയറ്റുമതിക്കായി മദ്യം ലേബല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ദേശീയ, അന്തര്‍ദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോധിക്കാനും നിര്‍ദേശമുണ്ട്.
(നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)