heat-wave

തിരുവനന്തപുരം: ഇന്ന് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ട പാലക്കാട്,​ തൃശൂർ ജില്ലകൾ കൂടാതെ മറ്റ് അഞ്ച് ജില്ലകളിൽ കൂടി ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകിട്ട് 5.30ന് പുറപ്പെടുവിച്ച താപനില കണക്കുപ്രകാരം പാലക്കാട്,​ തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. കൊല്ലം,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ മലപ്പുറം,​ കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ ജില്ലകളിലും സമീപജില്ലകളിലും നാളെ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. മറ്റു ജില്ലകളിലും സാധാരണയെക്കാൾ ചൂട് കൂടാൻ സാദ്ധ്യതയുണ്ട്.

അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാദ്ധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉഷ്‌ണതരംഗ സാദ്ധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നുമുതൽ മേയ് മൂന്നുവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 - 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നുമുതൽ മേയ് മൂന്നുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.പാലക്കാട് ഉഷ്‌ണതരംഗത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ നിർദേശം. അഡീഷണൽ ക്ളാസുകളോ സമ്മർ ക്ളാസുകളോ പാടില്ലെന്ന് ജില്ലാ കളക്‌ടർ വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. മേയ് രണ്ടുവരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നത്.ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമായതിനാൽ പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഉഷ്ണതരംഗ സാദ്ധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ സ്വകാര്യ ഐ.ടി.ഐകൾക്കും നാളെ മുതൽ മേയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടർ അറിയിച്ചു ആൾ ഇന്ത്യ ട്രേഡ് ടെസ്​റ്റ് അടുത്ത സാഹചര്യത്തിൽ സിലബസ് പൂർത്തിയാക്കേണ്ടതിനാൽ ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും. വിദ്യാർത്ഥികളും അദ്ധ്യാപകരും ഇതിനാവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഉദ്യോഗസ്ഥരും അദ്ധ്യാപകരും സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു.