pic

 ഇതിനിടെ ബന്ദികളെ മോചിപ്പിക്കണം

ടെൽ അവീവ്: ഗാസയിൽ 40 ദിവസത്തെ വെടിനിറുത്തൽ കരാർ ഹമാസിന് മുന്നിൽ വച്ച് ഇസ്രയേൽ. ഇതു സംബന്ധിച്ച് ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയിൽ ഹമാസ് പ്രതിനിധികളുമായി ചർച്ച തുടങ്ങി. കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഈജിപ്റ്റ്, ഖത്തർ, യു.എസ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ചർച്ച. കരാർ ഹമാസ് അംഗീകരിച്ചേക്കുമെന്ന് യു.എസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെടിനിറുത്തലിനായി മാസങ്ങളായി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇസ്രയേലും ഹമാസും വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്തത് വെല്ലുവിളിയാണ്.

തെക്കൻ നഗരമായ റാഫയിൽ ഏത് നിമിഷവും ഇസ്രയേലിന്റെ കരയാക്രമണം ഉണ്ടാകാമെന്നിരിക്കെ വെടിനിറുത്തലിനായി യു.എസ് ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബന്ദികളുടെ മോചനം വൈകുന്നതിനെതിരെയും നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടും ഇസ്രയേലിൽ ജനരോഷം ശക്തമാണ്.

അതിനിടെ, റാഫയിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗാസ സിറ്റിയിൽ രണ്ട് വീടുകൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. നാല് പേർ കൊല്ലപ്പെട്ടു. ഒക്ടോബർ മുതൽ 34,500ഓളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

ഇനിയും നൂറോളം ബന്ദികൾ

 കരാർ പ്രകാരം ഹമാസിന്റെ പിടിയിലുള്ള ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം. പകരം ഇസ്രയേലിലെ പാലസ്തീനിയൻ തടവുകാരെ വിട്ടയയ്ക്കും. ഇനി നൂറോളം ബന്ദികൾ ജീവനോടെയുണ്ടെന്ന് കരുതുന്നു

 നവംബർ 24 മുതൽ ഡിസംബർ 1 വരെ ഗാസയിൽ താത്കാലിക വെടിനിറുത്തൽ നടപ്പാക്കിയിരുന്നു. ഇക്കാലയളവിൽ 105 പേരെ ഹമാസ് മോചിപ്പിച്ചു. 240 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു

നെതന്യാഹുവിന് ക്രിമിനൽ

കോടതി വാറണ്ടിന് സാദ്ധ്യത

ഗാസ യുദ്ധത്തിന്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേലി ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി നീങ്ങുന്നതായി റിപ്പോർട്ട്. ഇതു തടയാൻ ഇസ്രയേലിലെ നാഷണൽ സെക്യൂരിറ്റി കൗൺസിലും വിദേശകാര്യ മന്ത്രാലയവും ശ്രമം ആരംഭിച്ചെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം, കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ കോടതിക്ക് അധികാരം പ്രയോഗിക്കാൻ കഴിയൂ. റഷ്യയും ഇസ്രയേലും കോടതിയുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല. കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാം.