t

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തതിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് അതൃപ്തി അറിയിച്ചത്.

ഞായറാഴ്ച ടൊറന്റോയിൽ നടന്ന സിഖ് വംശജരുടെ ഖൽസ ദിന പരിപാടിയിൽ ട്രൂഡോയും പ്രതിപക്ഷ നേതാവ് പിയർ പോളിയേവും പങ്കെടുത്തിരുന്നു. ഇരുവരും പ്രസംഗിക്കാൻ വേദിയിലേക്ക് കയറിപ്പോഴും പ്രസംഗത്തിനിടെയിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.

ന്യൂഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‌മീത് സിംഗ്, ടൊറന്റോ മേയർ ഒലീവിയ ചോ എന്നിവരും പങ്കെടുത്തിരുന്നു. കാനഡയിലെ സിഖ് വംശജരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ട്രൂഡോ പ്രസംഗിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാനഡ ആസ്ഥാനമായുള്ള സി.പി.എ.സി ടിവിയാണ് വീഡിയോ പുറത്തുവിട്ടത്.

കാനഡ തീവ്രവാദത്തെ

പ്രോത്സാഹിപ്പിക്കുന്നു

 സംഭവം അക്രമാന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കനേഡിയൻ മണ്ണിൽ ഇടം നൽകുകയാണ്
 നേരത്തെ,​ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ ട്രൂഡോ പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നതയ്ക്ക് കാരണമായിരുന്നു

 നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ കഴിഞ്ഞ ജൂൺ 18നാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.