
കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 7 വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടിക്കിറങ്ങിയ കൊൽക്കത്ത 16.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (157/3). അർദ്ധ സെഞ്ച്വറി നേടി തകർത്തടിച്ച ഓപ്പണർ ഫിൽ സാൾട്ടാണ് ( 33 പന്തിൽ 68) കൊൽക്കത്തയുടെ ചേസിംഗിലെ നട്ടെല്ല്. ഓപ്പണിംഗ് വിക്കറ്റിൽ സാൾട്ടും നരെയ്നും (15) 37 പന്തിൽ 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്ടൻ ശ്രേയസ് അയ്യർ (പുറത്താകാതെ 33), വെങ്കിടേഷ് അയ്യർ (പുറത്താകാതെ 26) എന്നിവർ നന്നായ് ബാറ്റ് ചെയ്ത് കൊൽക്കത്തയെ വിജയലക്ഷ്യത്തിൽ എത്തിച്ചു. അക്ഷർ പട്ടേൽ ഡൽഹിക്കായി 2 വിക്കറ്റ് വീഴ്ത്തി
നേരത്തേ വമ്പനടിക്കാരുടെ കൂടാരമായ ഡൽഹി മുൻനിരയെ പിടിച്ചുകെട്ടുന്നതിൽ കൊൽക്കത്ത ബൗളേഴ്സ് വിജയിച്ചു. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി മൂന്നും വൈഭവ്,ഹർഷിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഒരുഘട്ടത്തിൽ 120 കടക്കുമോയെന്ന് പോലും ശങ്കിച്ച ഡൽഹിയെ 150 കടത്തിയത് വാലറ്റത്ത് കുൽദീപ് യാദവിന്റെ ( 26 പന്തിൽ 35) ബാറ്റിംഗാണ്.റാസിഖ് സലിം (8) വാലറ്റത്ത് കുൽദീപിന് പിന്തുണ നൽകി. ക്യാപ്ടൻ റിഷഭ് പന്ത് (27) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വമ്പനടിക്കാരായ ജേക്ക് ഫ്രേസർ മക്ഗുർക് (12), പ്രിഥ്വി ഷാ (13), ഷായ് ഹോപ്പ് (6),ട്രിസ്റ്റൻ സ്റ്റബ്സ് (4), ഇംപാക്ട് പ്ലെയർ കുമാർ കുഷാഗ്ര (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഡൽഹി ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ ഹർഷിത് 16 റൺസ് വഴങ്ങിയെങ്കിലും അടുത്ത ഓവറിൽ പ്രിഥ്വിയെ വിക്കറ്റ് കീപ്പർ സാൾട്ടിന്റെ കൈയിൽ എത്തിച്ച് വൈഭവ് ഡൽഹിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു.