
തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലും കൊടൈക്കനാലിലേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണം, സന്ദർശക തിരക്ക് നിയന്ത്രിക്കാൻ മേയ് 7 മുതൽ ജൂൺ 30 വരെ വാഹനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി ഇ-പാസ് ഏർപ്പെടുത്തി . സീസണുകളിൽ ടൂറിസ്റ്റുകളുടെയും വാഹനങ്ങളുടെയും അനിയന്ത്രിത തിരക്ക് പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നെന്ന പൊതുതാത്പര്യ ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
വാഹനത്തിരക്ക് കാരണം നാട്ടുകാർക്ക് അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ സമയത്തിനെത്താൻ പോലും കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വേനലവധിക്ക് ദിവസം 20,000 വാഹനങ്ങൾ വരെ ഊട്ടിയിലെത്തുന്നുണ്ട്. നീലഗിരി, ഡിണ്ടുഗൽ ജില്ലാ ഭരണകൂടങ്ങളാണ് പാസ് നൽകേണ്ടത്.
ഇ-പാസിനോപ്പം ഓൺലൈൻ ടോളും ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും കോടതി നിദ്ദേശിച്ചു. അങ്ങനെയെങ്കിൽ ചെക്ക് പോസ്റ്റുകളിലെ മണിക്കൂറുകൾ നീളുന്ന ബ്ലോക്ക് ഒഴിവാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി വിശദമായ പരസ്യം നൽകണമെന്നും കോടതി നിർദ്ദേശം നൽകി. പ്രദേശവാസികൾക്ക് നിയന്ത്രണം ബാധകല്ലെന്നും കോടതി അറിയിച്ചു.
അതേസമയം, കൊടുംചൂടിൽ തണുപ്പുതേടിപ്പോകുന്ന ഊട്ടിയിലും ഇപ്പോൾ റെക്കോഡ് ചൂടാണ്. ഞായറാഴ്ച 29 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇതിനു മുമ്പ് 1951ലാണ് ഇത്രയും ചൂട് ഊട്ടിയിൽ അനുഭവപ്പെട്ടിട്ടുള്ളത്.