f

കൊൽക്കത്ത : ഒന്നുമില്ലായ്‌മയിൽ നിന്ന് പൊരുതിക്കയറി ഏഷ്യൻ യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇറാനൊപ്പം കിരീടം പങ്കുവച്ച ആ സുവർണ നേട്ടത്തിന് ഇന്ന് 50 വയസ് തികയുന്നു. 1974 ഏപ്രിൽ 30നായിരുന്നു തായ്‌ലൻഡിലെ ബാങ്കോക്ക് വേദിയായ എ.എഫ്.സി യൂത്ത് ഫുച്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിനൊടുവിൽ ഇന്ത്യയും ഇറാനും കിരീടം പങ്കുവച്ചത്. ഏഷ്യൻ തലത്തിൽ ഇന്ത്യൻ ഫുട്ബാളിന്റെ അവസാന മിന്നലാട്ടം കൂടിയായിരുന്നു അത്. ഷബീർ അലി നയിച്ച ആ ടീമിൽ സി.സി ജേക്കബും അന്തരിച്ച ദേവാനന്ദുമായിരുന്നു മലയാളി സാന്നിധ്യങ്ങൾ. ഫൈനലിൽ ജേക്കബ് രണ്ട് മിന്നുന്ന ഗോൾ ലൈൻ സേവുകളിലൂടെ ഇന്ത്യയുടെ രക്ഷകനായി. പ്രസൂൺ ബാനർജിയായിരുന്നു വൈസ് ക്യാപ്ടൻ. എ.സലാമും അരുൺ ഘോഷുമായിരുന്നു പരിശീലകർ

പട്യാലയിൽ ഒരുമാസത്തെ ക്യാമ്പിന് ശേഷമായിരുന്നു ഇന്ത്യൻ ടീം ടൂർണമെന്റിൽ പങ്കെടുക്കാൻ പോയത്. ഏറെകഷ്ടപ്പെട്ടാണ് ഇന്ത്യാ ഗവൺമെന്റിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടീമിന് യാത്രാനുമതി നേടിയെടുത്തത്. പ്രാഥമിക റൗണ്ടിൽ ബർമ്മയും ലാവോസും ഹോങ്കോങും ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ നിന്ന് ഒന്നാമൻമാരായി ക്വാർട്ടറിലെത്തി.ക്വാ‌ർട്ടറിൽ സിംഗപ്പൂരിനേയും സെമിയിൽ തായ്‌ലൻഡിനേയും കീഴടക്കിയാണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ ഇറാനോട് 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. ക്യാപ്ടൻ ഷബീർ അലി 5 ഗോളുകളാണ് നേടിയത്. ഗോൾ കീപ്പർ പ്രശാന്ത മിത്രയുടെ പ്രകടനം സിംഗപ്പൂരിനെതിരായ ക്വാർട്ടറിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉൾപ്പെടെ ഗംഭീരമായിരുന്നു. ദേവാനന്ദിനെക്കൂടാതെ അന്നത്തെ ടീമിലുണ്ടായിരുന്ന ചിന്മയ് ചാറ്റർജി, യാക്കൂബ്, ദേവരാജ്, , ബരേട്ടോ, പ്രശാന്ത ചാറ്റർജി, കോച്ച് സലാം എന്നിവർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.


ഇതിഹാസങ്ങൾക്ക് ആദരം
ഷബീർ അലി നയിച്ച ആ ഇന്ത്യൻ ടീമിന് ഇന്ന് കൊൽക്കത്തയിൽ സ്വീകരണം ഒരുക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. സി സി ജേക്കബും ഉണ്ടാകും ചടങ്ങിൽ. പങ്കെടുക്കും.