
കൊല്ലം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ പത്തനാപുരം ട്രാൻ. ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ രണ്ടു ഡ്രൈവർമാർ കുടുങ്ങി.
പരിശോധന നടത്തുന്നതറിഞ്ഞ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ മുങ്ങി. ഇതോടെ14 സർവീസുകൾ രാവിലെ മുടങ്ങി. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ഈ മേഖലകളിലേക്ക് പിന്നീട് അധിക സർവീസുകൾ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണിത്. ഇവിടെനിന്ന് തിങ്കളാഴ്ചകളിൽ സാധാരണ 40 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
പിടിയിലായവർക്കും മുങ്ങിയവർക്കുമെതിരെ പരിശോധന സംഘം കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർക്ക് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകി. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് ഓഫീസറുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം പത്തനാപുരം ഡിപ്പോയിൽ പരിശോധനയ്ക്കെത്തിയത്. ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കൽ ജീവനക്കാർ, സെക്യൂരിറ്റി അടക്കം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ചു. ഇതിനിടയിലാണ് രണ്ടുപേർ കുടുങ്ങിയത്.
ഒരു സ്ഥിരം ഡ്രൈവറുടെ ശ്വാസത്തിൽ 29 മില്ലിയും എംപാനൽ ഡ്രൈവറുടേതിൽ 80 മില്ലിയും ആൽക്കഹോൾ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇതിനിടെയാണ് ഡ്യൂട്ടി ഏറ്റിരുന്ന 12 ഡ്രൈവർമാർ ഡിപ്പോയിലെത്താതെ മുങ്ങിയത്. പരിശോധനയിൽ കുടുങ്ങുമെന്ന് ഉറപ്പായതിനാലാണ് ഇവർ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.