ipl

കൊല്‍ക്കത്ത: ഐപിഎല്‍ 17ാം സീസണില്‍ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിന് അനായാസം മറികടന്നാണ് കൊല്‍ക്കത്ത ജയം ആഘോഷിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്‌സ് മറികടക്കുകയായിരുന്നു.

സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 153-9 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 157-3 (16.3)

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് വേണ്ടി ക്രീസിലെത്തിയ മുന്‍നിര ബാറ്റര്‍മാര്‍ കളി മറന്നപ്പോള്‍ ഒമ്പതാമനായി ക്രീസിലെത്തി 26 പന്തില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കുല്‍ദീപ് യാദവാണ് ടോപ് സ്‌കോറര്‍. താരത്തിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ ഡല്‍ഹിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമായിരുന്നു.

പൃഥ്വി ഷാ 13(7), ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് 12(7), അഭിഷേക് പോരല്‍ 18(15), ഷായ് ഹോപ് 6(3), റിഷഭ് പന്ത് 27(20), അക്‌സര്‍ പട്ടേല്‍ 15(21) എന്നിങ്ങനെയാണ് മുന്‍നിര ബാറ്റര്‍മാരുടെ സംഭാവന.

വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് വേണ്ടി 33 പന്തില്‍ 68 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ട് മികച്ച തുടക്കം നല്‍കി. സുനില്‍ നരെയ്ന്‍ 15(10), റിങ്കു സിംഗ് 11(11), ശ്രേയസ് അയ്യര്‍ 33*(23), വെങ്കടേഷ് അയ്യര്‍ 26*(23) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ രാജസ്ഥാന് പിന്നില്‍ രണ്ടാമതാണ് കൊല്‍ക്കത്ത. ഇന്നത്തെ തോല്‍വിയോടെ 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഡല്‍ഹി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്ലേ ഓഫ് യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും ഡല്‍ഹിക്ക് ജയിക്കണം.