kerala

കോട്ടയം : വേനല്‍ച്ചൂടില്‍ രക്ഷതേടി മരങ്ങളുടെ ഇടങ്ങളിലേയ്ക്ക് പക്ഷികള്‍ ചുരുങ്ങിയതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കല്‍ സയന്‍സസ് സര്‍വേ. പക്ഷി നിരീക്ഷകര്‍, വിദഗ്ദ്ധര്‍, ജൂനിയര്‍ നാച്ചുറലിസ്റ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 40 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.

മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പക്ഷി വൈവിദ്ധ്യത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ചൂടിന്റെ ആഘാതത്തില്‍ തണലിലേക്ക് ഒതുങ്ങിയതാണ് കാരണം. നഗരത്തെ ആറ് ഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയില്‍ക്കടവിലും, രണ്ടാമത് സി.എം.എസ് കോളേജ് ക്യാമ്പസിലുമാണ്. ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ശരത് ബാബു എന്‍ ബി, ടോണി ആന്റണി, അജയകുമാര്‍ എം എന്‍, ഷിബി മോസ്റ്റസ്, അനൂപാ മാത്യൂസ്, തോമസ് യാക്കൂബ്, എന്നിവര്‍ കണക്കെടുപ്പിന് നേതൃത്വം നല്‍കി,

കൊറ്റില്ലങ്ങള്‍ വര്‍ദ്ധിച്ചു

നീര്‍പക്ഷികളുടെ താവളമായ കൊറ്റില്ലങ്ങള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചെന്നാണ് കണക്ക്. നഗരത്തില്‍ തണല്‍ മരങ്ങളുടെ എണ്ണം കൂടിയതാണ് കാരണം. നാഗമ്പടത്തെ കൊറ്റില്ലങ്ങളോട് ചേര്‍ന്ന് മീനച്ചിലാര്‍ ഒഴുകുന്നതും അനുകൂലമായി.

കണ്ടെത്തിയ പക്ഷികള്‍


ചിന്നകൂട്ടുറുവാന്‍ നാട്ടുമൈന, കാക്കകള്‍, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരക്കോഴി. നീലക്കോഴി, എന്നിവയേയും നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴിയേയും കണ്ടെത്താനായി.