
കോഴിക്കോട്: കോഴിക്കോട്ട് വെള്ളയിൽ പണിക്കർറോഡ് കണ്ണൻകടവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ശ്രീകാന്തിനെ (47) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളയിൽ സ്വദേശി ധനീഷ് (33)നെയാണ് അറസ്റ്റുചെയ്‌തത്. ധനീഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇയാളെ ചോദ്യം ചെയ‌്തുവരികയാണ്.
ഞായറാഴ്ച രാവിലെ പണിക്കേഴ്സ് റോഡിലാണ് സംഭവം. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.കുണ്ടുപറമ്പിലെ പ്രഭുരാജ് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ.
ശ്രീകാന്തിന്റെ മൃതദേഹത്തിൽ ചെറുതും വലുതുമായ 15 വെട്ടുകളുണ്ടായിരുന്നു. കൊലയാളി തന്റെ പക തീരുംവരെ തുടരെ വെട്ടുകയും മരണമുറപ്പാക്കിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമികനിഗമനം. അതിനാൽ, മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലയാകാനാണ് സാദ്ധ്യതയെന്നും പെട്ടെന്നുള്ള പ്രകോപനത്തിൽ കൃത്യംചെയ്‌തതാകാൻ സാദ്ധ്യതയില്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കൊലപാതകം നടന്ന അതേ സ്ഥലത്ത് രണ്ട് ദിവസം മുൻപ് രാത്രി ശ്രീകാന്തിന്റെ കാറിന് തീ ഇട്ടിരുന്നു. ശ്രീകാന്തിന്റെ വീട്ടിലേക്ക് കാർ കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് ഇവിടെയാണ് പതിവായി കാർ നിർത്താറുള്ളത്. രാത്രി കാറിൽ കിടന്നുറങ്ങുന്നതാണ് ശ്രീകാന്തിന്റെ പതിവ്. രാത്രി ഒരു മണിയോടെയാണ് കാറിന്റെ ചില്ലു തകർത്ത് അകത്ത് പെട്രോൾ ഒഴിച്ചാണ് കാർ കത്തിച്ചത്. എന്നാൽ, ശ്രീകാന്ത് അന്നു കാറിൽ കിടന്നുറങ്ങാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു.
ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷ്, വെള്ളയിൽ ഇൻസ്‌പെക്ടർ പി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.