
ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന നവ്യ നായരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വ്യക്തിപരമായ ചില കാര്യങ്ങൾ തെറ്റായി എഴുതിയ സംഘാടകരോട് പരിഭവം പറയുകയാണ് നടി.
'പരിഭവമുണ്ട് നിങ്ങളോട് പറയാൻ. കാരണം എന്താണെന്നുവച്ചാൽ ഒരു ബുക്ക്‌ലെറ്റ് ഞാൻ അവിടെ കണ്ടു. എനിക്ക് രണ്ട് മക്കളുണ്ടെന്നാണ് അതിൽ എഴുതിയിരിക്കുന്നത്. എന്റെ മോൻ എന്ത് വിചാരിക്കും. എനിക്കില്ലാട്ടോ. പിന്നെ എന്റെ കുടുംബം എന്ത് വിചാരിക്കും. എനിക്ക് യാമിക എന്നൊരു മകളുണ്ടെന്ന് അവർ എഴുതിയിരിക്കുന്നു.
എന്നെപ്പറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക. നിങ്ങൾ കുറച്ചുപേർക്കറിയാം എനിക്കൊരു മകനാണുള്ളതെന്ന്. അറിയാത്തവരുണ്ടാകുമല്ലോ. ദയവ് ചെയ്ത് ഊഹിച്ചെഴുതരുത്. വിക്കിപീഡിയയിൽ നോക്കിയാൽ വളരെ എളുപ്പത്തിൽ എല്ലാ വിവരങ്ങളും കിട്ടുമല്ലോ. അത് നോക്കി ശരിയായ കാര്യങ്ങൾ എഴുതൂ. കാരണം എനിക്ക് രണ്ട് മക്കളില്ല. ഓക്കെ, ജസ്റ്റ് പരിഭവം.
വേറൊരു കാര്യം സന്തോഷമുണ്ടായതെന്ന് വച്ചാൽ ഞാൻ അഭിനയിക്കാത്ത കുറേ സിനിമകളുടെ ലിസ്റ്റ് അതിൽ എഴുതിയിട്ടുണ്ട്. അഭിനയിച്ചിട്ടില്ലെങ്കിലും ഓക്കെ, ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാം. നല്ല സ്പിരിറ്റിലെടുത്തോളാം. പക്ഷേ കുട്ടിയുടെ കാര്യത്തിൽ സോറി, എനിക്ക് ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും ഇവിടെ നിൽക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ട്.'- നവ്യ നായർ പറഞ്ഞു.