sobha-surendran

കൊച്ചി: ശോഭ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്ന് വിവാദ ദല്ലാൾ ടി ജി നന്ദകുമാർ. ഇ പി ജയരാജനെ ശോഭ സുരേന്ദ്രൻ കണ്ടിട്ടില്ലെന്നും ശോഭയ്‌ക്കെതിരെ ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ശോഭ പറയുന്നത് പക്കാ കളവ്. ഞാൻ ഇന്നലെ ചെന്നൈയിൽ പോയി. പ്രസന്ന എന്ന സ്ത്രീയുടെ കേസിന്റെ വിവരങ്ങളെടുക്കാനാണ് ഞാൻ പോയത്. വിവരങ്ങൾ എനിക്ക് കിട്ടിയില്ല, അത് കിട്ടും. നമ്മുടെ ആളുകൾ അതെടുക്കുന്നുണ്ട്. ഞാൻ ശോഭയുടെ കൈയിൽ നിന്ന് ആ പ്രോപ്പർട്ടി വാങ്ങാത്തതെന്താണെന്നുവച്ചാൽ, പ്രസന്ന മദ്രാസിൽ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ അറിയാതെയാണ് പ്രോപ്പർട്ടി വിൽക്കുന്നതെന്നും ആഭരണങ്ങൾ ശോഭ പിടിച്ചുവാങ്ങിയെന്നും കാണിച്ച്. ഒരു ക്വാളിറ്റിയുമില്ല ശോഭയ്ക്ക്. പക്കാ തട്ടിപ്പുകാരി. എന്നെക്കൊണ്ട് പല തവണ വിമാന ടിക്കറ്റെടുപ്പിച്ചു. ഒരു ദിവസം ശോഭ ഡൽഹിക്ക് പോകാൻ വന്നപ്പോൾ വിസ്താര ഫ്‌ളൈറ്റിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ഉണ്ട്. ശോഭയുടെ കൈയിലുള്ളത് എക്കണോമിക് ക്ലാസ് ടിക്കറ്റായിരുന്നു. ശോഭയ്ക്ക് ജാവദേക്കറുടെ ചെവി തിന്നാനോ, മറ്റാരുടെയെങ്കിലുമോ ചെവി തിന്നാനോ എന്നറിയില്ല. ടിക്കറ്റ് അപ്പ്‌ഗ്രേഡ് ചെയ്യാൻ പണമില്ല. പന്തീരായിരം കൊടുത്താൽ സ്‌പോട്ട് അപ്‌ഗ്രേഡ് ചെയ്യും. ശോഭ, ഞാൻ പരിചയപ്പെടുത്തിയ സുഹൃത്തിനോട് കാശ് ചോദിച്ചു. അയാൾ എന്നെ വിളിച്ച് ഞാൻ ശോഭയ്ക്ക് പൈസ കൊടുക്കുന്നുണ്ട്, തിരിച്ചുകിട്ടുമോയെന്ന് ചോദിച്ചു. അതെന്നോട് പറയരുതെന്ന് ഞാനും പറഞ്ഞു.'- അദ്ദേഹം പറഞ്ഞു.

ജാവദേക്കർ ഇപിയെ കണ്ടതിനെക്കുറിച്ചും നന്ദകുമാർ വെളിപ്പെടുത്തി. 'അവിടെ(ഫ്ളാറ്റ്) റിസപ്ഷനിൽ നോട്ട് ചെയ്യാതെ പോകാൻ പറ്റില്ല. ലിഫ്റ്റിൽ കയറണമെങ്കിലും ആക്സസ് വേണം. ആരുടെ ഫ്‌ളോറിലേക്കാണോ പോകുന്നത് അവർ ആക്സസ് നൽകണം. അവർ ആക്സസ് ഓപ്പൺ ആക്കിത്തന്നു. എന്റെ കൂടെയൊരു ബ്യൂട്ടിഫുൾ സർപ്രൈസുണ്ടെന്ന് ഞാൻ ഇ പിയെ വിളിച്ചുപറഞ്ഞു. കാര്യം പറഞ്ഞിരുന്നില്ല. എന്നാൽ വരാൻ ഇപി പറഞ്ഞു. ഞങ്ങൾ അപരിചിതരാണെങ്കിൽ, ആ വാതിലിലൂടെ നോക്കിയിട്ട് ഞങ്ങളെ അങ്ങ് പറഞ്ഞുവിട്ടാൽ പോരായിരുന്നോ. വെൽക്കം ടു കൊടേക്കനാൽ എന്ന് ജഗതി പറഞ്ഞതുപോലെ ഡോർ തുറന്നു. ഞങ്ങൾ അകത്തുകയറി ഇരുന്നു. പിന്നെ ജാവദേക്കർ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.

ജാവദേക്കർ കേരളം മുഴുവൻ പിടിക്കാനിറങ്ങിയതല്ലേ. ജാവദേക്കർ ഐപാഡ് എടുത്ത് സുധാകരനെക്കുറിച്ചുള്ള കാര്യങ്ങൾ സ്‌ക്രോൾ ചെയ്തു. സുധാകരൻ ഈസ് ചീറ്റിംഗ്, രമേശ് ചെന്നിത്തല ലൂസിംഗ്, ശോഭ സുരേന്ദ്രൻ ത്രൂ കുഞ്ഞാലിക്കുട്ടി നത്തിംഗ് ഹാപ്പന്റ്. ഇങ്ങനെ പറഞ്ഞു. ആ സമയത്ത് വൈദേഹത്തിനെതിരെ ഇഡി പെറ്റീഷനുണ്ട്. ജാവദേക്കർ അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടുവന്നു. ജാവദേക്കർ എല്ലാം പ്ലാൻ ചെയ്തുതന്നെയാണ് വന്നത്,'-നന്ദകുമാർ വെളിപ്പെടുത്തി.