
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് അഹമ്മദാബാദിൽ ചേരും. മേയ് 1ന് മുമ്പ് ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് നേരത്തെ അറിയിച്ചത്. ഈ സാഹചര്യത്തിൽ താരങ്ങളുടെ ഇപ്പോഴത്തെ പ്രകടനം അനുസരിച്ച് സെലക്ഷൻ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ആരൊക്കെ ടീമിൽ ഇടം നേടുമെന്ന് കണ്ടറിയണം. ഐപിഎൽ മത്സരത്തിൽ താരങ്ങളുടെ പ്രകടനവും സെലക്ടർമാർ പരിഗണിച്ചേക്കും.
മുംബയ് ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മോശം പ്രകടനം സെലക്ടർമാരിൽ ആശങ്കയുളവാക്കുന്നുണ്ട്. ഇത് ടീമിൽ ഇടം നേടുന്നതിന് തിരിച്ചടിയാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരിൽ ആരെ ബിസിസിഐ തിരഞ്ഞെടുക്കുന്നു എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. കെഎൽ രാഹുൽ ഒഴികെ മൂവരും ഐപിഎല്ലിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ച് ആണ് വെസ്റ്റ് ഇൻഡീസിലും യുഎസിലുമുള്ളത്. നിലവിൽ ഇന്ത്യയുടെ സ്പിന്നർമാരായ യുസവേന്ദ്ര ചഹലും, കുൽദീപ് യാദവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാൽ രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയിയും സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.
ഓപ്പണർമാരിൽ ആരായിരിക്കും രോഹിതിനൊപ്പം ബാറ്റിംഗിനിറങ്ങുക എന്നത് നോക്കികാണേണ്ടിയിരിക്കുന്നു. യശ്വസി ജയ്സ്വാളിനെയോ ശുഭ്മാൻ ഗില്ലിനെയോ ഈ സ്ഥാനത്ത് പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. പ്രധാന സ്‌ക്വാഡിന് പ്രാഥമിക ശ്രദ്ധ നൽകുന്നത് പോലെ തന്നെ റിസർവ് കളിക്കാർക്കും പ്രധാന്യം നൽകുന്നുണ്ട്. റിയാൻ പരാഗ്, ഖലീൽ അഹമ്മദ് എന്നിവരുടെ മികച്ച പ്രകടനം റിസർവ് ടീമിൽ ഇടം നേടിക്കൊടുക്കാനുള്ള സാദ്ധ്യതകൾ തുറക്കുന്നു.