
തൃശൂർ: ഒരാഴ്ചയായി ചാലക്കുടി പുഴപ്പാലത്തിന് സമീപം പാലസ് റസിഡന്റ്‌സ് അസോസിയേഷനിലെ രഞ്ജിത്ത് രാമൻപിള്ളയുടെ വീട്ടിൽ ദിവസത്തിൽ മൂന്ന് തവണ മഴ പെയ്യും! ഇതിന്റെ രഹസ്യമറിയാൻ എത്തുന്നവരോട് തന്റെ കൃത്രിമ മഴയെപ്പറ്റി രഞ്ജിത്ത് വാചാലനാകും.
ചൂട് കൂടിയപ്പോഴാണ് വീട്ടുകിണറ്റിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമടിച്ച് മേൽക്കൂരയിൽ സ്ഥാപിച്ച സ്പ്രിംഗ്‌ളറുകളുടെ സഹായത്തോടെ കൃത്രിമമഴ പെയ്യിച്ചത്. 1300 ചതുരശ്രയടി ടെറസ് വീടിന് മുകളിൽ ഷീറ്റിട്ടതാണ് മേൽക്കൂര.

ഒരു തവണ 15 മിനിറ്റോളം വെള്ളമടിക്കും. വാൽവ് വഴി വെള്ളം ടാങ്കിലേക്കോ സ്പ്രിംഗ്‌ളറുകളിലേക്കോ തിരിച്ചുവിടാം. മേൽക്കൂര നനഞ്ഞൊഴുകുന്ന വെള്ളം മണ്ണിലെത്തി ഒഴുകി ചെടികൾക്കും തെങ്ങ് ഉൾപ്പെടെയുള്ളവയ്ക്കും നനവേകും. കിണറിന് പരിസരത്ത് ഒലിച്ചെത്തുന്നതിനാൽ ഉറവയിറങ്ങി കിണർ റീചാർജാകും. കുളിർമഴയിൽ വീടും പരിസരവും തണുക്കുന്നതിനാൽ എയർകണ്ടീഷൻ വളരെ കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. സോളാർ പാനൽ വൃത്തിയാക്കാനും സ്പ്രിംഗ്‌ളർ വഴിയുള്ള വെള്ളം ഉപയോഗിക്കുന്നു.
സോളാർ പാനലിനും സ്പ്രിംഗ്‌ളർ
ഒരു കൊല്ലം മുമ്പാണ് രഞ്ജിത്ത് വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചത്. അത് വെള്ളം സ്‌പ്രേ ചെയ്ത് വൃത്തിയാക്കണം. അപ്പോൾ സ്പ്രിംഗ്‌ളർ വയ്ക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു. ഈയിടെ സ്പ്രിംഗ്‌ളർ ഉപയോഗിച്ച് വീട് തണുപ്പിക്കുന്ന വാർത്ത ശ്രദ്ധയിൽപെട്ടപ്പോഴാണ് നടപ്പാക്കിയത്. മോട്ടോറുള്ളവർക്ക് പ്‌ളംബറുടെ സഹായത്തോടെ എളുപ്പത്തിൽ ചെയ്യാം. 1500 ചതുരശ്രയടി വീടിന് 5,000- 6,000 രൂപയോളം ചെലവാകും. വർഷങ്ങളോളം വിദേശത്ത് ഓട്ടോമൊബൈൽ എൻജിനിയറായിരുന്നു രഞ്ജിത്ത്. ഭാര്യ സരിത (ടാക്‌സ് കൺസൾട്ടന്റ്). മകൻ: ജഗന്നാഥ് (പത്താം ക്‌ളാസ്).ചൂടിനെ അതിജീവിക്കാൻ ഇത് നല്ലതാണ്. ചെടികൾക്കും പക്ഷിമൃഗാദികൾക്കും വെള്ളം കിട്ടും.